KeralaNews

‘മാപ്പ് പറഞ്ഞാൽ പോവാം, ഇല്ലെങ്കിൽ കാറ് അടിച്ച് പൊളിക്കും’ മൊട്ടീവേഷണല്‍ സ്പീക്കറുടെ കാര്‍ കാർ തടഞ്ഞ് ബിസിനസുകാർ;അടികൊള്ളാതെ തലയൂരി

കോഴിക്കോട്: മോട്ടിവേഷണൽ സ്പീച്ചിനിടെ തെറിയഭിഷേകം നടത്തിയ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറായ അനിൽ ബാലചന്ദ്രനെ കാണികൾ ഇറക്കി വിട്ട വാർത്ത സോഷ്യൽ മീഡിയയിലടക്കം വൈറലായിക്കഴിഞ്ഞു. കോഴിക്കോട് സിഎസ്‌ഡബ്ള്യു‌എയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു സംഭവം.

മാപ്പ് പറഞ്ഞെങ്കിൽ മാത്രമേ അനിലിന്റെ വാഹനം കടത്തിവിടുകയുള്ളൂവെന്ന നിലപാടിലായിരുന്നു പരിപാടിക്കെത്തിയ ബിസിനസുകാർ. തുടർന്ന് സംഘാടകരുടെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കാർ എടുക്കാൻ ഇവർ സമ്മതിച്ചത്.

നാല് ലക്ഷം രൂപയും ജിഎസ്‌ടിയും അടക്കമാണ് അനിൽ ബാലചന്ദ്രൻ പ്രതിഫലമായി വാങ്ങിയത്. അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിച്ച ചടങ്ങിൽ ഗായിക സിത്താരയുടെയടക്കം സംഗീതനിശയും ഒരുക്കിയിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അനിൽ ബാലചന്ദ്രൻ എത്തിയത് ഒരു മണിക്കൂർ വൈകിയാണ്. സ്‌റ്റേജിൽ കയറിയ ഇയാൾ ബിസിനസുകാരെ അസഭ്യം പറയാൻ തുടങ്ങി. മാസങ്ങൾക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രതിഫലം താൻ വാങ്ങിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ താൻ പറഞ്ഞത് സംഘാടകർക്ക് കേൾക്കേണ്ട ഗതികേടുണ്ടായെന്നുമായിരുന്നു ഇയാളുടെ ആമുഖപ്രസംഗം.

”നിങ്ങൾ എന്തിനാണ് ബിസിനസുകാരെ തെറിവിളിക്കുന്നത്” എന്ന് ചോദിച്ചുകൊണ്ട് കാണികളിലൊരാൾ രംഗത്തുവന്നതിന് പിന്നാലെ മറ്റുള്ളവരും പ്രതിഷേധവുമായി എത്തി. ആദ്യമൊക്കെ പ്രതിരോധിക്കാൻ അനിൽ ബാലചന്ദ്രൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പരിപാടി അവസാനിച്ചതായി സംഘാടകർ അറിയിക്കുകയായിരുന്നു.

അനിലിന് അനുവദിച്ച സമയം 4 മണിവരെയായിരുന്നുവെന്നും എന്നാൽ ഇയാൾ കൂടുതൽ സമയം എടുത്തതിനാൽ മറ്റുപരിപാടികളും താമസിക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. പണം കൃത്യമായി നൽകിയിട്ടും കോഴിക്കോട് ഹോട്ടലിൽ എത്തിയതിന് ശേഷം പരിപാടിക്ക് വരാൻ കഴിയില്ലെന്ന് അനിൽ ഭീഷണിപ്പെടുത്തുകയായിരുന്നു. അസഭ്യവാക്കുകൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാൾ വകവച്ചില്ലെന്നും സംഘാടകർ പറയുന്നു. ഒടുവിൽ കാണികളുടെ രോഷത്തിൽ നിന്ന് വളരെ പണിപ്പെട്ടാണ് അനിൽ ബാലചന്ദ്രനെ പുറത്തെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button