സുഹൃത്തിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ;സംഭവം ബാലരാമപുരത്ത്

തിരുവനന്തപുരം: ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ഉറ്റസുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാര്‍ കൃത്യം നടത്തിയതിനുശേഷം ഒളിവിൽപോയി.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടുകൂടി ബിജുവിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനുശേഷം ഇരുവരും വീട്ടിലേക്ക് പോയി. തുടർന്ന് വൈകിട്ട് 4.45 ഓടെ ബിജുവിനെ കുമാര്‍ ഫോണില്‍ വിളിച്ചു. നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നീട് ബിജു വീട്ടില്‍നിന്ന് പുറത്തിറങ്ങി ബൈക്കിലിരിക്കുകയായിരുന്ന കുമാറിന്റെ അടുത്തേയ്ക്ക് എത്തി. ഉടനെതന്നെ കുമാര്‍ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ കഴുത്തില്‍ വെട്ടുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബിജുവിന്റെ നിലവിളി കേട്ട് ഭാര്യ മഞ്ജു ഓടിയെത്തി. വെട്ടുകൊണ്ട ബിജു, കുമാറിന്റെ പുറകേ ഓടിയെങ്കിലും നിലത്തുവീഴുകയായിരുന്നു. ഉടന്‍തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരിച്ച ബിജു ചക്കവെട്ട് തൊഴിലാളിയാണ്. കുമാര്‍ കൂലിപ്പണിക്കാരനാണ്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച ഇവരുടെ കൂടെ മദ്യപിക്കാന്‍ മറ്റ് രണ്ടുപേരുകൂടി ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാവിലെയുള്ള മദ്യപാനത്തിലുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. കൃത്യം നടത്താന്‍ ബൈക്കിലെത്തിയ കുമാര്‍ ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷമാണ് മുങ്ങിയത്. ഇയാള്‍ പ്രദേശം വിട്ട് പോകാന്‍ സാധ്യതയില്ലന്നാണ് പോലീസ് പറയുന്നത്.

നെയ്യാറ്റിന്‍കര ഡി.വെ.എസ്.പിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം കുമാറിന്റെ വീടും പരിസരപ്രദേശവും നിരീക്ഷിച്ചുവരുകയാണ്. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.അച്ചു, അശ്വതി എന്നിവരാണ് ബിജുവിന്റെ മക്കള്‍. വിഷ്ണു മരുമകനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News