CrimeKeralaNews

‘ലക്ഷ്യം മോഷണം, കരഞ്ഞപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; പത്ത് വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കാസർകോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണ കമ്മൽ കവർന്ന കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കർണ്ണാടക കുടക് നാപോക് സ്വദേശിയായ സലീമിനെയാണ് (35) അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ പിടിയിലായ പ്രതിയെ പൊലീസ് വെള്ളിയാഴ്ച‌ രാത്രി ഒൻപത് മണിയോടെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മോഷണമായിരുന്നു ലക്ഷ്യമെന്നും കുട്ടി ഉണരുമെന്ന് കരുതിയാണ് എടുത്തുകൊണ്ട് പോയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. ബഹളംവച്ച കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കമ്മൽ തട്ടിയെടുത്തശേഷം പീഡിപ്പിക്കുകയായിരുന്നു എന്നും ഇയാൾ പൊലീസിന് നൽകിയ മൊഴിയിലുണ്ട്.

ആന്ധ്രപ്രദേശ് കുർണ്ണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അന്വേഷണ സംഘം കുടക് സ്വദേശിയായ സലീമിനെ പിടികൂടിയത്. ഈ മാസം 15ന് പുലർച്ചെയാണ് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണം തട്ടിയെടുത്തത്. തുടർന്ന് ഒളിവിൽ പോയ പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇത് കാരണം പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രയാസപ്പെട്ടു.

ആന്ധ്രയിൽ വച്ച് പ്രതി മറ്റൊരാളുടെ ഫോണിൻ നിന്നും ഭാര്യയെ വിളിച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതോടെ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് ആന്ധ്രയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഡി ഐ ജി തോംസൺ ജോസിന്റെയും ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെയും മേൽനോട്ടത്തിൽ മൂന്ന് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 32 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.

മേയ് എട്ടിന് പുലർച്ചെ മൂന്ന് മണിയോടെയാണ് പടന്നക്കാട് തീരദേശ മേഖലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന് അരക്കിലോമീറ്റർ അകലെവച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.

കണ്ണിനും കഴുത്തിനും പരിക്കേറ്റ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് പീ‌ഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.

പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നു. കള്ളിമുണ്ടും ഷർട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നും പത്തുവയസുകാരി പൊലീസിനോട് പറഞ്ഞു. മുത്തച്ഛൻ വീടിന്റെ പിൻവാതിൽ തുറന്ന് പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോൾ, ഇതുവഴിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനാൽത്തന്നെ കുട്ടി കിടക്കുന്ന സ്ഥലവും മുത്തച്ഛൻ പശുവിനെ കറക്കാൻ പോകുന്ന സമയവും കൃത്യമായി നിശ്ചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button