26.9 C
Kottayam
Thursday, May 16, 2024

പൂഴിക്കടകനുശേഷം യു.ഡി.എഫ് കണ്‍വന്‍ഷനായി പാലായില്‍,സൂഷ്മപരിശോധന ഇന്ന്, രണ്ടില വിമതന്‍ കൊണ്ടുപോകുമോ

Must read

കോട്ടയം: ചിഹ്നവും പാര്‍ട്ടി നേതൃത്വവും സംബന്ധിച്ച പൊരിഞ്ഞ പോരാട്ടത്തിനിടെ പാലായില്‍ ഇന്ന് യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. പി ജെ ജോസഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യുഡിഎഫ് കണ്‍വെന്‍ഷനോടെ ‘ചിഹ്നപ്പോരും’ ‘വിമത’നീക്കത്തിനുമെല്ലാം വിരാമമാകുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. നാമനിര്‍ദ്ദേശപത്രികയുടെ സൂഷ്മപരിശോധനയും ഇന്ന് നടക്കും.

കണ്‍വെന്‍ഷനില്‍ ജോസ് ടോം പുലിക്കുന്നേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കണമെന്നാണ് പി ജെ ജോസഫിന് മുന്നണി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലികുട്ടി, ജോസ് കെ മാണി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കും.

പാലാ ഉപതെരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനുള്ള അവസാനദിവസമായ ഇന്നലെയാണ് അവസാനനിമിഷം ഉച്ചയോടെ ജോസഫ് അനുകൂലിയായ കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തില്‍ അപ്രതീക്ഷിതമായി പത്രിക നല്‍കിയത്. ഇതോടെ വെട്ടിലായത് യുഡിഎഫും ജോസ് കെ മാണി പക്ഷവുമാണ്. ഇരുവിഭാഗവും നീക്കത്തെക്കുറിച്ച് ഒന്നുമറിഞ്ഞിരുന്നില്ലെന്ന് മാത്രമല്ല, വിമതനീക്കമുണ്ടാവില്ലെന്ന് ആവര്‍ത്തിച്ചതുമാണ്.

ഡമ്മി സ്ഥാനാര്‍ത്ഥിയാണ് ജോസഫ് കണ്ടത്തില്‍ എന്നാണ് ജോസഫ് പക്ഷത്തെ നേതാക്കള്‍ പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജോസ് കെ മാണി അനുകൂലിയുമായ ജോസ് ടോം പുലിക്കുന്നേലിന്റെ പത്രികയില്‍ ചില പിഴവുകളുണ്ടെന്നും, അഥവാ പത്രിക തള്ളിപ്പോയാല്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായിട്ടാണ് ജോസഫ് കണ്ടത്തിലിനെ നിര്‍ത്തിയിരിക്കുന്നതെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ജോസഫ് അറിഞ്ഞിട്ടില്ല ഈ നീക്കമെന്നും ജോസഫ് അനുകൂലിയായ സജി മഞ്ഞക്കടമ്പില്‍ പറയുന്നു. അതിന് ജോസ് ടോമിന് വേറെ ഡമ്മി സ്ഥാനാര്‍ത്ഥികളുണ്ടല്ലോ എന്ന ചോദ്യത്തിന് വിചിത്രമാണ് മറുപടി. ജോസ് ടോം ഡമ്മികളെ നിര്‍ത്തിയ കാര്യം ജോസഫ് പക്ഷത്തിന് അറിയാമായിരുന്നില്ലത്രെ. ജോസ് ടോമിന്റെ പത്രിക അംഗീകരിച്ചാല്‍ ജോസഫ് കണ്ടത്തില്‍ പ്രതിക പിന്‍വലിക്കുമെന്നാണ് ജോസഫ് പക്ഷം പറയുന്നത്.

അവസാനനിമിഷം പൂഴിക്കടകനായി വിമത സ്ഥാനാര്‍ത്ഥിയെ ഇറക്കിയതിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ‘രണ്ടില’ ചിഹ്നം നല്‍കരുതെന്ന് ജോസഫ് അസിസ്റ്റന്റ് വരണാധികാരിക്ക് കത്ത് നല്‍കി. ജോസ് കെ മാണിയുടെ പക്ഷത്ത് നിന്ന് സ്റ്റീഫന്‍ ജോര്‍ജ് രണ്ടിലച്ചിഹ്നം ജോസ് ടോമിന് ‘രണ്ടില’ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയതിന് പിന്നാലെയാണ് കൊടുക്കരുതെന്നാവശ്യപ്പെട്ട് ജോസഫിന്റെ കത്ത്.

രണ്ടിലച്ചിഹ്നം വേണമെന്നതിന് ജോസ് കെ മാണി പക്ഷം പറയുന്ന കാരണമിതാണ്. സ്റ്റിയറിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയാണ് ജോസ് ടോം പുലിക്കുന്നേല്‍. ചിഹ്നം അനുവദിക്കാനുള്ള അധികാരം വരണാധികാരിക്കുണ്ട്. വര്‍ക്കിംഗ് ചെയര്‍മാന്‍ മാത്രമാണ് ജോസഫ്. അതിനാല്‍ ചിഹ്നം അനുവദിക്കണമെന്ന് ജോസ് കെ മാണി പക്ഷത്തിന് വേണ്ടി കത്ത് നല്‍കിയ സ്റ്റീഫന്‍ ജോര്‍ജിന്റെ കത്ത്.

എന്നാല്‍ തെങ്ങ്, ടെലിവിഷന്‍, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളാണ് ജോസഫിന്റെ ഡമ്മി-കം-വിമത സ്ഥാനാര്‍ത്ഥിയായ ജോസഫ് കണ്ടത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടിലച്ചിഹ്നമല്ല.

ഇതിനിടെ പത്രിക നല്‍കേണ്ട അവസാനദിവസമായിരുന്ന ഇന്നലെ ഉച്ചയ്ക്ക് രണ്ടിലച്ചിഹ്നം ആവശ്യപ്പെട്ട് പി ജെ ജോസഫിന് ജോസ് കെ മാണി അയച്ച ഒരു കത്ത് പുറത്തു വന്നു. കത്തിലെ തീയതി സെപ്റ്റംബര്‍ 1 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് മാത്രമാണ് കത്ത് കിട്ടിയതെന്നാണ് ജോസഫ് പക്ഷം പറയുന്നത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോം പുലിക്കുന്നേലിനെ തെരഞ്ഞെടുത്തിരിക്കുന്നതിനാല്‍ ചിഹ്നം അദ്ദേഹത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. എന്നാല്‍ തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിലേക്ക് ഈ കത്തിനെയും ചിഹ്നം അനുവദിക്കുന്ന നടപടിയെയോ ബന്ധപ്പെടുത്തരുതെന്നും കത്തില്‍ ആവശ്യമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week