സഞ്ജു സാംസന്റെ ശബ്ദം അനുകരിച്ച് ജയറാം; പൊളിയെന്ന് പ്രേക്ഷകർ; ഓഡിയോ
കൊച്ചി:ജയറാമും ക്രിക്കറ്റ് താരം സഞ്ജു സാംസണും തമ്മിലുള്ള സൗഹൃദം ആരാധകർക്ക് സുപരിചിതമാണ്. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ ഭാര്യ ചാരുവിനൊപ്പം സഞ്ജു എത്തിയ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മിമിക്രി താരം കൂടിയായ ജയറാം സഞ്ജുവിന്റെ ശബ്ദം അനുകരിക്കുന്ന ഓഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
‘‘ഒരു ചെറിയ ശ്രമം’’ എന്ന് കുറിച്ച് ജയറാം തന്നെയാണ് ഓഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഐപിഎൽ ആരംഭിച്ചതു പ്രമാണിച്ച് സഞ്ജുവിന് ആശംസകളറിയിക്കുന്നുമുണ്ട് താരം. ജയറാമേട്ടാ തകർത്തു, വേറെ ലെവൽ, അവിടെ ബാറ്റുകൊണ്ടും ഇവിടെ ശബ്ദം കൊണ്ടും, ഐപിഎൽ തുടങ്ങാൻ നോക്കിയിരിക്കുവാർന്നല്ലേ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.
മലയാളത്തിലേക്കാൾ ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ് ജയറാം. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവനാണ് ജയറാം അവസാനം അഭിനയിച്ച തമിഴ് ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28 നു തിയറ്ററുകളിലെത്തും.