തുടക്കം പിഴച്ചു;ആദ്യ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ച്’ ജാപ്പനീസ് സ്വകാര്യ റോക്കറ്റ്
ടോക്യോ: ജാപ്പനീസ് സ്വകാര്യ കമ്പനിയായ സ്‌പേസ് വണ്‍ നിര്‍മിച്ച റോക്കറ്റ് ആദ്യ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. 18 മീറ്റര്‍ ഉയരമുള്ള കെയ്‌റോസ് റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭ്രമണ പഥത്തില്‍ ഉപഗ്രഹമെത്തിക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം ലക്ഷ്യമിട്ടായിരുന്നു ഈ വിക്ഷേപണം.
പശ്ചിമ ജപ്പാനിലെ വാകായാമ പ്രീഫെക്ചറിലുള്ള വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. ജപ്പാന്റെ പരീക്ഷണ ഉപഗ്രഹമായിരുന്നു റോക്കറ്റിലുണ്ടായിരുന്നത്. എന്നാല്‍ വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ റോക്കറ്റ് തീഗോളമായി മാറി. റോക്കറ്റിന്റെ ഭാഗങ്ങള്‍ താഴെ വിക്ഷേപണത്തറയില്‍ വീണ് കത്തിയമര്‍ന്നു. ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്ക് കടന്നുവരാനുള്ള ജപ്പാന്റെ ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഈ പരാജയം. പരാജയകാരണം പരിശോധിച്ചുവരികയാണെന്ന് സ്‌പേസ് വണ്‍ പറഞ്ഞു.
നിരീക്ഷണ ഉപഗ്രഹങ്ങള്‍ തകരാറിലാവുമ്പോള്‍ താല്‍ക്കാലികമായി ചെറു ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിക്കാന്‍ ഈ റോക്കറ്റിനാവുമോ എന്ന് പരിശോധിക്കുകയായിരുന്നു ജാപ്പനീസ് സര്‍ക്കാരിന്റെ ലക്ഷ്യം. വിക്ഷേപിച്ച് 51 മിനിറ്റില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാമെന്നാണ് കണക്കുകൂട്ടിയത്.
കനോണ്‍ ഇലക്ട്രോണിക്‌സ്, ഐഎച്ച്ഐ എയറോസ്‌പേസ്, നിര്‍മാണ കമ്പനിയായ ഷിമിസു, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ജപ്പാന്‍ എന്നിവര്‍ ഉള്‍പ്പടെ വിവിധ ജാപ്പനീസ് സാങ്കേതിക വിദ്യാ കമ്പനികളുടെ സഹകരണത്തില്‍ 2018 ല്‍ ആരംഭിച്ച കമ്പനിയാണ് സ്‌പേസ് വണ്‍.
ബഹിരാകാശ രംഗത്ത് സജീവമായ ഇടപെടല്‍ നടത്തിവരുന്ന രാജ്യമാണ് ജപ്പാന്‍. അടുത്തിടെയാണ് ജപ്പാന്റെ മൂണ്‍ സ്‌നൈപ്പര്‍ പേടകം ചന്ദ്രനില്‍ ഇറങ്ങിയത്. ജപ്പാന്റെ പരീക്ഷണ റോക്കറ്റുകള്‍ മുമ്പും വിക്ഷേപണത്തിനിടെ പരാജയം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലായിലും മറ്റൊരു റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു.