ഗാസയെ തീമഴപെയ്യിച്ച് ഇസ്രായേല്‍ ബോംബുവർഷം; കണക്കില്ലാതെ മരണം, പലായനം ചെയ്തവർ 1.87 ലക്ഷം
ഗാസാസിറ്റി: ഇതിനകം 1.87 ലക്ഷം ജനങ്ങള്‍ ഗാസയില്‍നിന്ന് പലായനം ചെയ്‌തെന്ന് യു.എന്‍. അറിയിച്ചു. ഹമാസ് ആക്രമണത്തിനുപിന്നാലെ പലസ്തീനുള്ള സാമ്പത്തികസഹായം നിര്‍ത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിയെ സ്‌പെയിനും ഫ്രാന്‍സും അപലപിച്ചു. പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ അന്താരാഷ്ട്രവിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചതോടെ 23 ലക്ഷംവരുന്ന ഗാസയിലെ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലായി. കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, അവശ്യമരുന്നുകള്‍ എന്നിവയ്ക്ക് ക്ഷാമം നേരിടുകയാണ്. ഗാസയിലേക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിന് മാനുഷിക ഇടനാഴി സ്ഥാപിക്കണമെന്ന് ലോകാരോഗ്യസംഘടനയും പലസ്തീന്‍ ഭരണകൂടവും ആവശ്യപ്പെട്ടു.
ഗാസയിലെ നഗരങ്ങളില്‍നിന്ന് ആയിരക്കണക്കിന് ഇസ്രയേലുകാരെയാണ് മൂന്നുദിവസംകൊണ്ട് ഇസ്രയേല്‍ സൈന്യം ഒഴിപ്പിച്ചത്. അതിര്‍ത്തിയില്‍ ഡ്രോണുകളും യുദ്ധടാങ്കുകളും വിന്യസിക്കുകയും ചെയ്തു. ശനിയാഴ്ചത്തെ അപ്രതീക്ഷിത ആക്രമണത്തിനുശേഷം ഒരു ഹമാസ് അംഗംപോലും ഇസ്രയേലിലേക്ക് കടന്നിട്ടില്ലെന്നാണ് സൈനികവക്താവ് റിച്ചാര്‍ഡ് ഹെഷ്ട് പ്രതികരിച്ചത്. അതിനിടെ അഷ്‌കെലോണ്‍ നഗരത്തില്‍നിന്ന് ഇസ്രയേലുകാര്‍ ഉടന്‍ പിന്മാറണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. 2014-ലാണ് ഗാസ അതിര്‍ത്തിയില്‍ അവസാനമായി കരയുദ്ധമുണ്ടായത്.
ശനിയാഴ്ച രാവില ആറരയോടെയാണ് കര, കടല്‍, ആകാശമാര്‍ഗം ഹമാസ് അംഗങ്ങള്‍ ഇസ്രയേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. പിന്നാലെ ഇസ്രയേല്‍ ഭരണകൂടം യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചതിനുപിന്നാലെ ഗാസയെ തകര്‍ത്തെറിഞ്ഞ് ഇസ്രയേല്‍ പോര്‍വിമാനങ്ങളുടെ ബോംബുവര്‍ഷം. ഹമാസിന്റെ ഭരണകേന്ദ്രങ്ങളടക്കമുള്ള താവളങ്ങള്‍ക്കുനേരെ ചൊവ്വാഴ്ച ഇസ്രയേല്‍ ആക്രമണമുണ്ടായി. കരയുദ്ധത്തിലേക്കെന്ന സൂചനനല്‍കി ഇസ്രയേല്‍ കരുതല്‍സേനയിലെ മൂന്നുലക്ഷം അംഗങ്ങളെ ഗാസയില്‍ വിന്യസിച്ചു.
ആക്രമണം തുടരുകയാണെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിയ ഇസ്രയേലികളെ ഒന്നൊന്നായി വധിക്കുമെന്നും യുദ്ധം അവസാനിക്കുന്നതുവരെ അക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും ഹമാസ് അറിയിച്ചു. മൂന്നുദിവസത്തിനിടെ ഇസ്രയേലിലേക്ക് 4500-ലധികം റോക്കറ്റുകള്‍ ഹമാസും തൊടുത്തു.
നാലുദിവസംമുമ്പ് തുടങ്ങിയ യുദ്ധത്തില്‍ ഇരുഭാഗത്തുമായി മരണസംഖ്യ 1800 കടന്നു. ഇസ്രയേലില്‍ മരണം 1000 കവിഞ്ഞതായി പ്രതിരോധസേന (ഐ.ഡി.എഫ്.) അറിയിച്ചു. ഗാസയില്‍ മരണം 800 ആയെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗാസ അതിര്‍ത്തിയില്‍ തങ്ങളുടെ ഭൂഭാഗത്തുനിന്ന് 1500 ഹമാസ് അംഗങ്ങളുടെ മൃതദേഹം കണ്ടെടുത്തെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ ആക്രമണത്തില്‍ മൂന്ന് പാലസ്തീന്‍ മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടു.
ഹമാസ് ഇസ്രയേലില്‍നിന്ന് പിടികൂടി ബന്ദികളാക്കിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി ഖത്തറിന്റെ മധ്യസ്ഥതയില്‍ തുടങ്ങിയ പിന്‍വാതില്‍ ചര്‍ച്ചകള്‍ പാളി. ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ബന്ദികളെ വധിക്കുമെന്നും അത് തത്സമയം സംപ്രേഷണം ചെയ്യുമെന്നും ഹമാസ് അറിയിച്ചു. 150-ഓളംവരുന്ന സൈനികരെയും പൗരരെയുമാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്.
ശനിയാഴ്ച ഹമാസ് തകര്‍ത്ത ഗാസ അതിര്‍ത്തിയിലെ 40 കിലോമീറ്റര്‍ നീളമുള്ള അതിസുരക്ഷാവേലി പുനഃസ്ഥാപിച്ചതായി ഇസ്രയേല്‍ അറിയിച്ചു. മധ്യ-തെക്കന്‍ ഇസ്രയേലിന്റെയും ഗാസ അതിര്‍ത്തിയുടെയും നിയന്ത്രണം പൂര്‍ണമായും തിരിച്ചുപിടിച്ചെന്നും പറഞ്ഞു.
ഗാസയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ചുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളില്‍ വലഞ്ഞ് ഗാസയിലെ ജനങ്ങള്‍. ഗാസാസിറ്റിയിലെ റിമാലില്‍ നൂറിലേറെ ഹമാസ് കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ചൊവ്വാഴ്ച തകര്‍ത്തു. ഗാസയെ നിയന്ത്രിക്കുന്ന ഹമാസിന്റെ ഭരണകാര്യാലയങ്ങളും മന്ത്രാലയങ്ങളും തകര്‍ന്നു. പലസ്തീന്റെ ടെലികമ്യൂണിക്കേഷന്‍ കമ്പനി സ്‌ഫോടനത്തില്‍ തകര്‍ന്നു.
അതിനിടെ രൂക്ഷപോരാട്ടം നടന്ന തെക്കന്‍ ഇസ്രയേലിലെ ബീറിയില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നൂറിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ ഹമാസ് അംഗങ്ങളുടേതുമുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കൃഷിക്കാര്‍ താമസിക്കുന്ന ഈ ചെറുഗ്രാമത്തിലെ 10 ശതമാനംപേരും മരിച്ചതായാണ് വിവരം. 1973-ലെ യോംകിപ്പുര്‍ യുദ്ധത്തിനുശേഷം പശ്ചിമേഷ്യ സാക്ഷ്യംവഹിക്കുന്ന രക്തരൂഷിതമായ പോരാട്ടമാണ് ഗാസയിലേത്.
ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. 790 വീടുകള്‍ പൂര്‍ണമായും 5330 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്ന് യു.എന്‍. ഏജന്‍സി അറിയിച്ചു.ഉപരോധം ഗാസയെ മഹാദുരന്തത്തിലെത്തിക്കുമെന്ന് സന്നദ്ധസംഘടനയായ നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ അറിയിച്ചു. കുട്ടികളടക്കമുള്ള നിരപരാധികളെ നരകയാതനയനുഭവിപ്പിക്കുന്നത് അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്ന് സംഘടനാ സെക്രട്ടറി ജനറല്‍ ജാന്‍ എഗ്‌ലാന്‍ഡ് പറഞ്ഞു.
ഇസ്രയേലിന്റെ ഉപരോധം ശക്തമായതോടെ ഭക്ഷണസാമഗ്രികള്‍ക്കടക്കം കടല്‍മാര്‍ഗം ഈജിപ്തിനോടുചേര്‍ന്ന റാഫ അതിര്‍ത്തിയെ മാത്രമാണ് ജനങ്ങള്‍ക്ക് ആശ്രയിക്കാനാകുന്നത്. റാഫ നഗരത്തിലും തിങ്കളാഴ്ച രാവിലെ വ്യോമാക്രമണമുണ്ടായി. ഇവിടെ സ്ത്രീകളും കുട്ടികളുമടക്കം 19 പേര്‍ കൊല്ലപ്പെട്ടു.ഈജിപ്ഷ്യന്‍ റെഡ് ക്രെസന്റിന്റെ നേതൃത്വത്തില്‍ രണ്ടുടണ്‍ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഗാസയിലെത്തിച്ചിട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ സൈന്യം അറിയിച്ചു.