30.6 C
Kottayam
Tuesday, April 30, 2024

ഇസ്രയേലിന് നേരെ ഇറാന്റെ വ്യോമാക്രമണം, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

Must read

ടെൽ അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേൽ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ. ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം.

തങ്ങള്‍ക്കെതിരായ ആക്രമണത്തെ നേരിടാൻ ഇസ്രയേൽ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക യോ​ഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തിട്ടുണ്ട്. ഇറാനില്‍ നിന്ന്‌ വ്യോമാക്രമണമുണ്ടായതായി ഇസ്രയേൽ സേനയും സ്ഥിരീകരിച്ചു.

അതിർത്തിയിൽ നിന്നും ഇറാൻ ഇസ്രയേലിലേക്ക് ഡ്രോണുകൾ വിക്ഷേപിച്ചുവെന്ന് ഐ.ഡി.എഫ്‌ എക്സിൽ കുറിച്ചു. പ്രതിരോധസേന അതീവ ജാ​ഗ്രതയിലാണെന്നും നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഐ.ഡി.എഫ്‌ വ്യക്തമാക്കി. ഇസ്രയേലിനെ സംരക്ഷിക്കാൻ ഐ.ഡി.എഫ്‌ പൂർണശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രതിരോധസേന വക്താവ് ചൂണ്ടിക്കാട്ടി. തങ്ങൾ ദൃഢനിശ്ചയത്തോടെ നിറവേറ്റാൻ ഉദ്ദേശിക്കുന്ന ദൗത്യമാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലിനെതിരായ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ സൈന്യവും രം​ഗത്തെത്തി. തങ്ങളുടെ സൈനിക നടപടിയിൽ നിന്നും യു.എസ് വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പും ഇറാൻ സൈന്യം നൽകി. ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീൻ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള.

ഏപ്രിൽ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തില്‍ ബോംബിട്ട് രണ്ടു സൈനിക ജനറല്‍മാരെ കൊന്ന ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാന്‍ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഇറാൻ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കേയാണ് ആക്രമണമുണ്ടാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week