പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായി; വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്റെ മകള്‍
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍. പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് താരന്റെ തുറന്നു പറച്ചില്‍. വര്‍ഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഐറ പറയുന്നു. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലാണ് ഐറ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നാല് വര്‍ഷത്തോളം കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ഐറാ ഖാന്‍. ഇതിന് കാരണമാണ് ഐറാ തുറന്നു പറയുന്നത്. പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിനിരയായി. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിര്‍ ഖാനോടും പറഞ്ഞിരുന്നു. ആ ഭയാനകമായ സാഹചര്യം മറികടക്കാന്‍ മാതാപിതാക്കളാണ് സഹായിച്ചത്. ഇനി ഇത്തരത്തില്‍ ഒരു സംഭവം ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് മനസില്‍ ഉറപ്പിച്ചു. ആ അവസ്ഥയില്‍ നിന്ന് പുറത്തു കടന്നു. എന്നാല്‍ ആ സംഭവം മനസിനെ വീണ്ടും വേട്ടയാടി തുടങ്ങി. 18-20 വയസിലായിരുന്നു അതെന്നും ഐറ പറയുന്നു.
മാതാപിതാക്കളുടെ വിവാഹ മോചനം ഒരിക്കലും തന്റെ അവസ്ഥയ്ക്ക് കാരണമല്ല. അത് തന്നെ അസ്വസ്ഥയാക്കിയിട്ടില്ല. അവരിപ്പോഴും തന്റെയും സഹോദരന്‍ ജുനൈദിന്റേയും അടുത്ത സുഹൃത്തുക്കളാണ്. ഒരര്‍ത്ഥത്തിലും തങ്ങളുടേത് തകര്‍ന്ന കുടുംബമല്ലെന്നും ഐറ പറയുന്നു.
വിഷാദ രോഗത്തിന് അടിമയാണെന്ന് തുറന്നു പറഞ്ഞ് നേരത്തേ ഐറ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. മാനസികാരോഗ്യ ദിനത്തിലായിരുന്നു ഐറ വിഡിയോ പങ്കുവച്ചത്. നിരവധി പേര്‍ ഐറയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.