കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ വിഷാദത്തില്‍ ആണെന്ന് ആമിര്‍ഖാന്റെ മകള്‍
തന്റെ വിഷാദ രോഗത്തെ കുറിച്ച് മനസുതുറന്ന് ബോളിവുഡ് താരം ആമിര്‍ഖാന്റെ മകള്‍ ഇറാഖാന്‍. കഴിഞ്ഞ നാല് വര്‍ഷക്കാലമായി താന്‍ ഡിപ്രഷനില്‍ ആണെന്നാണ് ഇറ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലെ വിഡിയോയിലൂടെയാണ് ഇറ മനസ്സ് തുറക്കുന്നത്.
ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ഇറ തന്റെ ഡിപ്രഷനെ കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഡിപ്രഷനിലായിരുന്ന താന്‍ ഒരു ഡോക്ടറുടെ അടുത്ത് പോയി എന്നും താന്‍ ക്ലിനിക്കലി ഡിപ്രസ്ഡ് ആണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഇറ വ്യക്തമാക്കി.
മാനസികാരോഗ്യത്തെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആഗ്രഹിക്കുന്നു എന്നാല്‍ എന്തു ചെയ്യാനാകുമെന്ന് അറിയില്ലായിരുന്നു. എല്ലാവരെയും താന്‍ പുതിയൊരു യാത്രയിലേക്ക് കൊണ്ടുപോവുകയാണെന്നും അത് തന്റെ യാത്ര ആണെന്നും ഇറ വ്യക്തമാക്കി. ഇതിലൂടെ നമുക്ക് നമ്മുടെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഡിപ്രഷന്‍ എന്തെന്ന് അറിയാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇറ പറയുന്നു.
നമുക്ക് സംസാരിച്ച് തുടങ്ങാം എന്ന കുറിപ്പോട് കൂടിയാണ് ഇറ തന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍- റീന ദത്ത ദമ്പതികളുടെ ഇളയ പുത്രിയാണ് ഇറ. അഭിനയത്തേക്കാള്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളോടാണ് ഇറയ്ക്ക് താല്‍പര്യം. മിഡിയ എന്ന പേരില്‍ ഒരു നാടകം ഇറ സംവിധാനം ചെയ്തിരുന്നു.