26 C
Kottayam
Thursday, May 16, 2024

പ്രതികള്‍ പിടിയില്‍,തെളിവുകളും ലഭിച്ചു ദിവ്യ പഹൂജയുടെ മൃതഹേത്തിനായി അന്വേഷണം ഊര്‍ജ്ജിതം

Must read

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ ഹോട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താനായി പോലീസിന്റെ വ്യാപകതിരച്ചില്‍. കഴിഞ്ഞദിവസം ഗുരുഗ്രാമിലെ ‘സിറ്റി പോയിന്റ്’ ഹോട്ടലില്‍വെച്ച് കൊല്ലപ്പെട്ട യുവമോഡലും കാമുകനെ വ്യാജ ഏറ്റമുട്ടലില്‍ വധിച്ച കേസിലെ പ്രതിയുമായ ദിവ്യ പഹൂജ(27)യുടെ മൃതദേഹം കണ്ടെടുക്കാനായാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

ദിവ്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹവുമായി രണ്ടുപേര്‍ കാറില്‍ കടന്നുകളഞ്ഞതായാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇവര്‍ക്കായി ഗുരുഗ്രാമിലും സമീപപ്രദേശങ്ങളിലുമെല്ലാം പോലീസ് പരിശോധന വിപുലമാക്കിയിട്ടുണ്ട്.

ദിവ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്ന് കരുതുന്ന അഭിജീത് സിങ് ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. ‘സിറ്റി പോയിന്റ്’ ഹോട്ടലിന്റെ ഉടമയായ അഭിജീത് സിങ് ദിവ്യ പഹൂജയെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

കൃത്യത്തിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരായ ഹേമരാജ്, ഓംപ്രകാശ് എന്നിവരുടെ സഹായത്തോടെ മൃതദേഹം ഹോട്ടലില്‍നിന്ന് കാറിലേക്ക് മാറ്റി. തുടര്‍ന്ന് കൂട്ടാളികളായ മറ്റുരണ്ടുപേരെ മൃതദേഹം ഉപേക്ഷിക്കാനായി ചുമതലപ്പെടുത്തിയെന്നും കാറുമായി ഇവര്‍ പോയെന്നുമാണ് പ്രാഥമികവിവരം. ഇവരെ കണ്ടെത്താനായാണ് പോലീസ് തിരച്ചില്‍ വിപുലമാക്കിയിരിക്കുന്നത്.

ദിവ്യ പഹൂജ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് മുഖ്യപ്രതിയായ അഭിജീത് സിങ്ങിന്റെ മൊഴി. തനിക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് ദിവ്യ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, ദിവ്യയുടെ കുടുംബം ഈ മൊഴികളെല്ലാം നിഷേധിച്ചു.

കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസിലെ പ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് വധക്കേസില്‍ ഏഴുവര്‍ഷത്തോളം ജയിലിലായിരുന്ന യുവതി കഴിഞ്ഞ ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്.

2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഹോട്ടലില്‍വെച്ച് ഹരിയാണ പോലീസിന്റെ ഏറ്റുമുട്ടലില്‍ സന്ദീപ് ഗഡോലി കൊല്ലപ്പെട്ടത്. സംഭവസമയം സന്ദീപിന്റെ കാമുകിയായ ദിവ്യയും ഹോട്ടലിലുണ്ടായിരുന്നു. എന്നാല്‍, മുംബൈയിലെ ഹോട്ടലില്‍ ഹരിയാണ പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു മുംബൈ പോലീസിന്റെ കണ്ടെത്തല്‍.

ഹരിയാണ പോലീസിലെ ഉദ്യോഗസ്ഥരും സന്ദീപിന്റെ എതിരാളി വിരേന്ദര്‍ കുമാര്‍ എന്ന ബിന്ദേര്‍ ഗുജ്ജാറും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തതെന്നും മുംബൈ പോലീസ് കണ്ടെത്തി. ദിവ്യ പഹൂജയെ ഉപയോഗിച്ച് സന്ദീപിനെ ഹണിട്രാപ്പില്‍ കുടുക്കിയാണ് സംഘം പദ്ധതി നടപ്പാക്കിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തുടര്‍ന്നാണ് സന്ദീപ് കൊലക്കേസില്‍ അഞ്ച് പോലീസുകാരും ദിവ്യയും ഇവരുടെ മാതാവും ഉള്‍പ്പെടെ അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week