ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ഗംഭീര ജയം നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താനെ 7 വിക്കറ്റിന് 113 റണ്‍സിലേക്ക് തളച്ചിട്ട് 6 റണ്‍സിന്റെ ജയം ഇന്ത്യ നേടിയെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. ത്രില്ലിങ് ജയം ഇന്ത്യ നേടിയെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം ശരാശരിയില്‍ താഴെയായിരുന്നു.
ബാറ്റിങ് ദുഷ്‌കരമായ പിച്ചാണെങ്കിലും 150 പ്ലസ് സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായിരുന്നു. എന്നാല്‍ ഒരോവര്‍ ബാക്കിയാക്കി ഇന്ത്യ കൂടാരം കയറി. ഇപ്പോള്‍ പാകിസ്താനെതിരേ ടി20യിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലെന്ന നാണക്കേടിലേക്കാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആവേശ ജയത്തിന് ശേഷവും ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.
‘ഇന്ത്യന്‍ ബാറ്റിങ് നിരയുടെ അഹങ്കാരമാണ് പാകിസ്താനെതിരേ കണ്ടത്. അവര്‍ നേരിട്ടത് അയര്‍ലന്‍ഡ് ബൗളര്‍മാരെയല്ല. അയര്‍ലന്‍ഡിനോടുള്ള ബഹുമാനക്കുറവല്ല. പക്ഷെ പാകിസ്താനെപ്പോലെ ശക്തമായ ബൗളിങ് കരുത്തുള്ള ടീമിനെ നേരിടുമ്പോള്‍ അല്‍പ്പം കൂടി ബഹുമാനം കാട്ടാമായിരുന്നു’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ റിഷഭ് പറഞ്ഞു. നസീം ഷായും ഹാരിസ് റഊഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് അമീര്‍ രണ്ടും ഷഹിന്‍ ഷാ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ മികച്ച ബാറ്റിങ് നടത്തിയെന്ന് അവകാശപ്പെടാന്‍ സാധിക്കുന്ന ആരുമില്ല. 31 പന്തില്‍ 42 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 6 ഫോറാണ് റിഷഭ് നേടിയത്. എന്നാല്‍ നാല് തവണ അദ്ദേഹത്തിന് ലൈഫ് ലഭിച്ചു. വിരാട് കോലി 4 റണ്‍സെടുത്താണ് പുറത്തായത്. പന്തിന്റെ ഗതി മനസിലാക്കാതെ മോശം ഷോട്ട് കളിച്ചാണ് കോലി മടങ്ങിയത്. രോഹിത് ശര്‍മ (13) ആക്രമണോത്സകതയിലേക്ക് കടന്നപ്പോള്‍ വിക്കറ്റ് നഷ്ടമായി.
ബാബര്‍ അസമിന്റെ മികച്ച ഫീല്‍ഡിങ് വിന്യാസമാണ് എടുത്തു പറയേണ്ടത്. അക്ഷര്‍ പട്ടേലിനെ നാലാം നമ്പറില്‍ കളിപ്പിച്ചപ്പോള്‍ 18 പന്തില്‍ 20 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 8 പന്തില്‍ 7 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ശിവം ദുബെ 9 പന്തില്‍ 3 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 7 റണ്‍സ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഗോള്‍ഡന്‍ ഡെക്കായി. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ആരും ശ്രമിച്ചില്ല.
89ന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നത്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പോരായ്മ ബൗളിങ് നിര പരിഹരിച്ചതാണ് ജയമൊരുക്കിയത്. ജസ്പ്രീത് ബുംറ അവസരത്തിനൊത്തുയര്‍ന്നതാണ് ശ്രദ്ധേയമായത്. പാകിസ്താന്‍ നിരയില്‍ ഏറ്റവും അപകടകാരികളായത് മുഹമ്മദ് റിസ്വാനും (31) ബാബര്‍ അസമുമാണ് (13) രണ്ട് പേരേയും പുറത്താക്കിയത് ബുംറയാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഇഫ്തിഖര്‍ അഹമ്മദിനേയും ബുംറ മടക്കി.
ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങ്ങും നിര്‍ണ്ണായകമായി. 4 ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് ഹാര്‍ദിക് 2 വിക്കറ്റ് നേടിയത്. അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യ തോല്‍ക്കുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. ആരാധകരുടെ ലൈവ് പ്രതികരണത്തില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ വിജയ സാധ്യത 3% ആയിരുന്നു. എന്നാല്‍ പാകിസ്താനോട് തോറ്റ് കൊടുക്കാന്‍ മനസില്ലാതെ ഇന്ത്യ ജയിച്ച് കയറുകയായിരുന്നു.