CricketKeralaNewsSports

അവസാന മൂന്ന് ടി ട്വന്റികളിൽ റിഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഇഷാൻ കിഷൻ എന്നിവർ ചേർന്ന് നേടിയത് 94 റൺസ്, സഞ്ജു മാത്രം നേടിയത് 134; പക്ഷെ ടീമിൽ സ്ഥാനമില്ല

മുംബയ് : ഈ മാസം വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ വ്യാപക വിമർശനമുയരുന്നു. മുൻ താരങ്ങളും സാധാരണ ആരാധകരും ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ സഞ്ജുവിനായി ശക്തമായി വാദിക്കുകയാണ്.

ടി ട്വന്റി ലോകകപ്പ് ടീമിലെത്താനുള്ള സഞ്ജുവിന്റെ സാദ്ധ്യതകൾക്ക് തിരിച്ചടിയാണ് ഇപ്പോഴത്തെ ഒഴിവാക്കൽ. അതേസമയം ടി ട്വന്റി പരമ്പരയ്ക്ക് മുമ്പ് വിൻഡീസിൽ നടക്കുന്ന ഏകദിന പരമ്പരയിൽ സഞ്ജുവിന് അവസരം നൽകിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർമാരായ ഋഷഭ് പന്ത്, ഇഷാൻ കിഷൻ,ദിനേഷ് കാർത്തിക് എന്നിവരാണ് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ഇടം നേടിയിരിക്കുന്നത്.

വിരാട് കൊഹ്‌ലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം കെ.എൽ രാഹുൽ മടങ്ങിയെത്തുന്നുണ്ട്. ഇന്ത്യൻ ടീമിൽ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല എന്ന് ഏറെനാൾ പരാതി കേട്ടിരുന്ന സഞ്ജു അയർലൻഡിനെതിരായ ടി ട്വന്റി മത്സരത്തിൽ കരിയറിലെ ആദ്യ അർദ്ധസെഞ്ച്വറിയുമായി തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ ഇംഗ്ളണ്ടിനും വെസ്റ്റ് ഇൻഡീസിനെതിരായ ടി ട്വന്റി പരമ്പരകൾക്കുള്ള ടീമിലുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇംഗ്ളണ്ടിനെതിരെ ആദ്യ ടി ട്വന്റിയിലേക്ക് മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയത്. പ്ളേയിംഗ് ഇലവനിൽ അവസരം നൽകിയതുമില്ല. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ തൊട്ടുമുമ്പുള്ള ടി ട്വന്റി മത്സരത്തിൽ 77 റൺസെടുത്ത സഞ്ജുവിന് അവസരമില്ല.

സമീപകാലത്ത് ട്വന്റി 20 ഫോർമാറ്റിൽ ഫോം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന ഋഷഭ് പന്തിന് വീണ്ടും വീണ്ടും ബി.സി.സി.ഐ അവസരങ്ങൾ നൽകുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ആറ് ടി ട്വന്റി ഇന്നിംഗ്സുകളിൽ ഋഷഭ് പന്ത് നേടിയത് വെറും 56 റൺസാണ്. അവസാന മത്സരത്തിൽ മാത്രം സഞ്ജു നേടിയത് 77 റൺസും. നിലവിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ ടി ട്വന്റിയിലെ അവസാന മൂന്ന് ഇന്നിംഗ്സുകൾ പരിഗണിച്ചാലും സഞ്ജുവിനാണ് മുൻതൂക്കം. അവസാന മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് ഋഷഭ് പന്തിന്റെ സമ്പാദ്യം 28 റൺസാണ്. ദിനേഷ് കാർത്തിക് 29 റൺസും ഇഷാൻ കിഷൻ 37 റൺസുമാണ് നേടിയത്. എന്നാൽ സഞ്ജു നേടിയത് 134 റൺസാണ്.

ഇന്ത്യൻ ടീം : രോഹിത് ശർമ (ക്യാപ്ടൻ), ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്ക്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ആർ. അശ്വിൻ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker