KeralaNews

ഇമ്രാൻ‍ ഖാൻ ഇന്ന് അറസ്റ്റിലായേക്കും, പ്രതിഷേധം മറികടക്കാൻ പോലീസ്

ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രി കെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ‍ ഖാൻ ഇന്ന് അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദ് കോടതിയുടെ നിർദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളിൽ പൊലീസ് ഇമ്രാനെ അറസ്റ്റു ചെയ്യുമെന്നാണ് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഇമ്രാനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. 
ഓ​ഗസ്റ്റ് 20ന് എഫ്9 പാർക്കിൽ നടന്ന റാലിക്കിടെ ജുഡിഷ്യൽ മജിസ്ട്രേറ്റ് സേബാ ചൗധരിയെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തിയെന്നാണ് ഇമ്രാനെതിരായ കേസ്. 

കേസിൽ വിചാരണയ്ക്കായി ഹാജരാകണമെന്ന് ഇമ്രാനോട് കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല. നിരവധി തവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടെന്നും കോടതിയിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നുമാണ് ഇമ്രാൻ കോടതിയെ അറിയിച്ചിരുന്നത്.

വീഡിയോ കോൾ വഴി കോടതി നടപടികളുടെ ഭാ​ഗമാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് ജഡ്ജി റാണാ മുജാഹിദ് റഹീം ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. നിലവിൽ രണ്ട് കോടതികളിൽ നിന്നുള്ള ജാമ്യമില്ലാ വാറണ്ടുകളാണ് ഇമ്രാന്റെ പേരിലുള്ളത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം ലാഹോറിലെ വസതിക്കു സമീപം എത്തിയിരുന്നെങ്കിലും പാർട്ടി അനുയായികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോകേണ്ടി വന്നു. ഇമ്രാൻ ഖാൻ വസതിയിലില്ലെന്ന് അറിയിച്ചതിനെത്തുടർന്നായിരുന്നു പ്രതിഷേധങ്ങൾക്കിടെ പൊലീസ് മടങ്ങിയത്. 

എന്നാൽ, പൊലീസ്  വീട്ടിലെത്തിയപ്പോൾ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെയും മുൻ ജനറൽ ബാജ്‌വയെയും വിമർശിച്ചുകൊണ്ട്  ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തിരുന്നു. വീടിനു മുന്നിൽ വെച്ചുതന്നെ പാർട്ടി പ്രവർത്തകരെ അദ്ദേഹം അഭിസംബോധന ചെയ്തു.

തന്നെ സംരക്ഷിക്കേണ്ടവരിൽ നിന്നു തന്നെ തന്റെ ജീവന് ഭീഷണിയുണ്ട് എന്ന ആക്ഷേപവും ഇമ്രാൻ ഉയർത്തിയിരുന്നു. തോഷാഖാന കേസുമായി ബന്ധപ്പെട്ടാണ് മുമ്പ് കോടതി ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തനിക്ക് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള കേസ്. പാക് ഭരണാധികാരികൾക്ക് ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കുന്ന വകുപ്പാണ് തോഷാഖാന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker