KeralaNews

കപ്പ വില കുതിയ്ക്കുന്നു;കയറ്റം 20-ൽനിന്ന് 40-ലേക്ക്

പത്തനംതിട്ട:കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 20 രൂപയിൽനിന്ന് 40-ലേക്ക് ഉയർന്നു. മുൻവർഷത്തെ വിലയിടിവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം കൃഷി കുറഞ്ഞതാണ് വില റെക്കോഡിലേക്ക് കടക്കാൻ കാരണം. അടുത്ത കാലത്തെ ഏറ്റവുംകൂടിയ വിലയാണിത്. വിലക്കയറ്റം കപ്പസംഭരണത്തെയും കപ്പകൊണ്ടുള്ള വിഭവങ്ങളുടെ വരവിനെയും ബാധിക്കും.

കഴിഞ്ഞ സീസണിൽ കപ്പയുടെ മൊത്തവില കിലോയ്ക്ക് എട്ടുരൂപവരെ താഴ്ന്നിരുന്നു. കപ്പ വാങ്ങാൻ ആവശ്യക്കാരില്ലാതെ വന്നപ്പോൾ കിട്ടിയ വിലയ്ക്ക് കൊടുക്കാൻ കർഷകർ നിർബന്ധിതരായി. പ്രതിസന്ധി ഒഴിവാക്കാനായി കൃഷിവകുപ്പ് 12 രൂപയ്ക്ക് കപ്പക്കർഷകരിൽനിന്ന് സംഭരിച്ച് വാട്ടിയും ഉണക്കിയും കിറ്റുകളിൽകൂടിയും വിതരണംചെയ്തു. ആറുരൂപ സംഭരണസമയത്ത് കർഷകർക്ക് നൽകി. എന്നാൽ, ബാക്കി ആറുരൂപ പല കർഷകർക്കും കിട്ടാനുമുണ്ട്.

കഴിഞ്ഞ സീസൺ അപേക്ഷിച്ച് മൂന്നിലൊന്ന് കൃഷി ഇത്തവണ ഇല്ലെന്ന് മധ്യതിരുവിതാംകൂറിലെ കപ്പക്കർഷകനായ തട്ടയിൽ മങ്കുഴിയിൽ ആർ.പ്രകാശ് പറഞ്ഞു. കൃഷി കുറയാൻ പ്രധാനം മൂന്ന് കാരണങ്ങളാണെന്നും കർഷകർ പറയുന്നു. വിലക്കുറവുതന്നെയാണ് കർഷകരെ പിന്തിരിപ്പിച്ചത്. ചെലവാക്കിയ തുകപോലും കിട്ടാതെവന്നപ്പോൾ പലരും കൃഷി ഉപേക്ഷിച്ചു. കൂലി വർധനയും രാസവളത്തിന്റെ വിലക്കൂടുതലും ചിലപ്രദേശങ്ങളിൽ കാട്ടുപന്നി നാശം വിതച്ചതുമെല്ലാം കർഷകരെ കപ്പകൃഷിയിൽനിന്ന് പിന്തിരിപ്പിച്ചു. കപ്പക്കൃഷിക്കുള്ള പൊട്ടാഷിന്റെ ഒരു ചാക്കിന് 870 രൂപയിൽനിന്ന് 1720 രൂപയായി ഉയർന്നു.

മധ്യതിരുവിതാംകൂറിലെ രുചിയേറുന്ന കപ്പവിളയുന്ന മണ്ണാണ് പന്തളം തെക്കേക്കര പഞ്ചായത്തിലെ തട്ടയും കോയിപ്പുറം പഞ്ചായത്തിൽപ്പെട്ട പുല്ലാടും. ഗ്രാമപ്രദേശങ്ങളായ ഇവിടത്തെ പ്രധാന കൃഷിയാണ് കപ്പ. മണൽ ചേരുവയുള്ള പാടത്തെ മണ്ണിലാണ് ഇത് സമൃദ്ധമായി ഉണ്ടാകുന്നത്. കട്ടുകുറവുള്ള, നൂറുള്ള, എളുപ്പം വേകുന്ന കപ്പയാണ് ഇവിടെയുള്ളത്. കർഷകരോട് പാടത്തുനിന്നുതന്നെ ഒന്നിച്ച് വിലപറഞ്ഞെടുക്കുന്ന കപ്പ രുചിക്കുന്നത് അധികവും മറ്റ് ജില്ലക്കാരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker