നായികയുടെ ബ്ലൗസിന്റെ ഹൂക് ഇടുന്നതും ചെരുപ്പൂരുന്നതും വീട്ടിൽ വന്നാലും ചെയ്യണം; ഓരോ സീനിനും പണികിട്ടും: പ്രിൻസ്
കൊച്ചി:അനുരാഗ ഗാനം പോലെ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് പ്രിൻസ്. പരമ്പരയിൽ ഗിരിധർ നമ്പ്യാർ എന്ന കഥാപാത്രമായാണ് നടൻ എത്തുന്നത്. സീരിയലിന്റെ പ്രൊമോ വന്നത് മുതൽ ആരാധകരുടെ ശ്രദ്ധ നേടിയ മുഖമായിരുന്നു പ്രിൻസിന്റേത്. പക്ഷെ ആർക്കും താരത്തെ പരിചയമില്ലായിരുന്നു. എന്നാൽ സീരിയൽ സംപ്രേഷണം ആരംഭിച്ചു വളരെ കുറച്ചു കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ പ്രിൻസിന് സാധിച്ചു.
സീരിയലിലെ സ്ഥിര നായക സങ്കൽപങ്ങളെ എല്ലാം പൊളിച്ചുകൊണ്ടാണ് പ്രിൻസ് അനുരാഗം ഗാനം പോലെയിൽ നായകനായെത്തിയത്. ഇപ്പോഴിതാ തന്റെ സീരിയലിലേക്കുള്ള എൻട്രിയെ കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടൻ. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ പ്രിൻസ് വിശേഷങ്ങൾ പങ്കുവച്ചത്.
സീ കേരളത്തിലെ പരസ്യം കണ്ട് നാദിർഷയാണ് തന്നെ ഇൻട്രൊഡ്യൂസ് ചെയ്തതെന്ന് പ്രിൻസ് പറയുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു ഹീറോയെ സ്‌ക്രീനിൽ കണ്ടതിന്റെ സന്തോഷം എല്ലാവർക്കുമുണ്ട്. എന്താണ് ഇയാൾ ചെയ്യാൻ പോകുന്നതെന്ന ആകാംഷ എല്ലാവർക്കും ഉണ്ടായിരുന്നു. എന്റെ അനുരാഗം എങ്ങനെയാണെന്ന് അറിയാനാണ് പലരും ഇപ്പോൾ സീരിയൽ കാണുന്നത്. പുറത്തൊക്കെ പോകുമ്പോൾ ആ സ്നേഹം അറിയാൻ കഴിയുന്നുണ്ടെന്നും പ്രിൻസ് പറയുന്നു.
ശരീര ഭാരത്തിന്റെ പേരിൽ പണ്ടൊക്കെ ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ട്. തടിയുള്ളതാണ് എനിക്കിഷ്ടം. ഈ തടികൊണ്ട് ഇന്നുവരെ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. എന്നെ അറിയുന്നവർക്കെല്ലാം ഞാൻ ഇങ്ങനെയിരിക്കുന്നതാണ് ഇഷ്ടം. അതിലൊന്നും മറ്റാരും ടെൻഷൻ അടിക്കേണ്ട കാര്യമില്ലല്ലോ. മാത്രമല്ല ഈ കാരണമല്ലേ ഈ സീരിയലിൽ ഹീറോ ആയിട്ട് എനിക്ക് അവസരം ലഭിച്ചത്. സ്ലിം ആയിട്ട് സിക്സ് പാക്ക് ഒക്കെയുള്ള ആളായിരുന്നുവെങ്കിൽ എനിക്ക് അവസരം ലഭിക്കില്ലായിരുന്നു. വേറെ ഒരുപാട് സുന്ദരന്മാർ വരുമല്ലോ, താൻ അവരിൽ നിന്നും വ്യത്യസ്തനായത് കൊണ്ടാണ് അവസരം ലഭിച്ചതെന്നും പ്രിൻസ് പറയുന്നു.
നേരത്തെ സൗണ്ട് എൻജിനീയറായിരുന്നു. അതിലൂടെ ജീവിതം സെറ്റിലായി. അങ്ങനെ നിൽക്കുമ്പോഴാണ് സീരിയലിൽ നിന്നും അവസരം വരുന്നത്. നേരത്തെയും അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അതൊക്കെ വേണ്ടെന്ന് വെച്ചിരുന്നു. നല്ല അവസരങ്ങളായിരുന്നില്ല. തടി തന്നെയാണ് പലതും വേണ്ടെന്നു വയ്ക്കാനുള്ള കാരണം. ഇപ്പോൾ ആളുകളൊക്കെ അടുത്ത് വന്ന് തടി ഒർജിനലാണോ വയറൊക്കെ വച്ച് കെട്ടിയതാണോ എന്നൊക്കെ ചോദിക്കാറുണ്ട്.
ഞാനും ഭാര്യയും കൂടി വയനാട്ടിൽ ഒരു കടയിൽ ചുരിദാർ വാങ്ങാൻ പോയിട്ട്, ആരാധകർ കാരണം എനിക്ക് ഉള്ളിലേക്ക് പോകാൻ പറ്റിയില്ല. അവർ സന്തോഷം കൊണ്ട് വരുന്നതായത് കൊണ്ട് കണ്ടില്ലെന്നു നടിക്കാനും കഴിയില്ലല്ലോ, അതുകൊണ്ട് ഇപ്പോൾ പുറത്തു പോക്കെല്ലാം കുറവാണെന്നും പ്രിൻസ് പറഞ്ഞു. കുടുംബം നൽകുന്ന പിന്തുണയെ കുറിച്ചും പ്രിൻസ് വാചാലനായി.
‘വൈഫും മോനും എന്റെ അഭിനയം കണ്ടിട്ട് കറക്റ്റ് ആയിട്ട് അഭിപ്രായം പറയുന്നവരാണ്. സുഖിപ്പിക്കാൻ ഒന്നും പറയില്ല, മോശമാണെങ്കിൽ മോശമെന്ന് പറയും. അവർ രണ്ടുപേരും ഓരോ കാര്യങ്ങൾ എനിക്ക് പറഞ്ഞു തരും. കവിതയുടെ ക്യാരക്ടർ മകന് ഭയങ്കര ഇഷ്ടമാണ്, ഡാഡിയും ആയിട്ട് നന്നായിട്ട് അത് പോകുന്നുണ്ട് എന്ന് അവൻ പറയും. ഇതിന്റെ പേരിൽ അവനും വൈഫും എന്നും അടിയാണ്. ഭാര്യ അഡ്വക്കേറ്റ് ആണ്. മോൻ പത്താം ക്ലാസിൽ പഠിക്കുന്നു. മോൾ എട്ടാം ക്ലാസ്സിലാണ്’,
‘സീരിയലിൽ നായികയുടെ ബ്ലൗസിന്റെ ഹൂക് ഇടുന്നതും ചെരുപ്പൂരുന്നതുമൊക്കെ ഉണ്ട്. ഇതൊക്കെ കണ്ടിട്ട് വൈഫ് വിളിക്കും, നിങ്ങൾ ഇന്നിങ് പോരെ കേട്ടോ എന്റെ ബ്ലൗസിന്റെ ഹൂക് ഇടണം എന്റെ ചെരുപ്പൂരണം എന്നൊക്കെ പറയും. ഞാൻ കവിതയോട് പറഞ്ഞിട്ടുണ്ട്, വൈഫ് ഇങ്ങനെയൊക്കെ പറയുന്നുണ്ട്, ഇവിടെ ചെയ്യുന്ന ഓരോ സീനിനും എനിക്ക് അവിടെ പണികിട്ടികൊണ്ടിരിക്കുവാണെന്നും. പിന്നെ അവൾക്ക് എന്നെ അറിയാവുന്ന കൊണ്ട് ലൈഫ് നന്നായിട്ട് പോകുന്നു’, പ്രിൻസ് പറഞ്ഞു.