KeralaNews

താനൂർ ബോട്ടപകടം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് അഡ്വ വിഎം ശ്യാംകുമാറിനെ കേരള ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.

താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത് 37 പേരെന്ന് ജില്ല കലക്ടർ റിപ്പോർട്ടിൽ പറഞ്ഞു. 22 പേർക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ ബോട്ടിൽ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുതെന്നും അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.

ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ എന്ന് കോടതി ചോദിച്ചു. ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നുവെന്നും അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പറഞ്ഞു. കേസിൽ കക്ഷി ചേരാൻ മരിച്ചയാളുടെ അമ്മ നൽകിയ അപേക്ഷയെ സർക്കാർ എതിർത്തു. 

പെരുന്നാൾ സമയത്ത് ബോട്ട് സർവീസ് നിർത്താൻ ആവശ്യപ്പെട്ടിരുന്നു എന്ന് താനൂർ മുനിസിപ്പാലിറ്റി കോടതിയിൽ പറഞ്ഞു. നിർത്തി വെച്ചെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും ആരംഭിച്ചുവെന്നും മുനിസിപ്പാലിറ്റി കുറ്റപ്പെടുത്തി. ബോട്ടിൽ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാൻ സാധിക്കുമെന്ന് എഴുതി വെക്കണമെന്ന് ആവശ്യപ്പെട്ട കോടതി കേസിൽ അമിക്കസ് ക്യൂറിയായി അഡ്വ വിഎം ശ്യാംകുമാറിനെ നിയമിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button