26.9 C
Kottayam
Monday, May 6, 2024

ദി കേരള സ്‌റ്റോറി മറ്റിടങ്ങളിൽ പ്രദർശിപ്പിക്കാമെങ്കിൽ ബംഗാളിൽ എന്തിന് നിരോധനം?- സുപ്രീംകോടതി

Must read

ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി എന്ന ചിത്രം രാജ്യത്തിന്റെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രദര്‍ശിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് പശ്ചിമ ബംഗാള്‍ ചിത്രം നിരോധിക്കണമെന്ന് സുപ്രീം കോടതി. ചിത്രം നിരോധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ആരാഞ്ഞത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

പശ്ചിമ ബംഗാളിന്റെ അതേ രീതിയിലുള്ള ജനസംഖ്യ പ്രത്യേകതകളുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ബംഗാളില്‍ മാത്രം ചിത്രം നിരോധിക്കുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്ന്‌ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനോട് കോടതി യോജിച്ചില്ല.

തുടര്‍ന്നാണ് ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തമിഴ്‌നാട്ടിലെ തീയറ്ററുകള്‍ക്ക് എല്ലാ സുരക്ഷയും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ ഷൈന്‍ പിക്ചേര്‍സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു.

ഇതേതുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week