25.5 C
Kottayam
Sunday, May 19, 2024

തൊഴില്‍ സംരംഭത്തിനായി 10 കോടി വാഗ്ദാനം, പലരിൽനിന്നായി മൂന്ന് കോടി രൂപയും 60 പവനും തട്ടി; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

Must read

മാന്നാര്‍: പലരില്‍ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവൻ സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ പിടിയിലായ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ പല്ലവനക്കാട്ടില്‍ സാറാമ്മ ലാലു (മോളി), മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം മാന്നാര്‍ കുരട്ടിക്കാട് നേരൂര്‍ വീട്ടില്‍ ഉഷ ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് വീയപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സാമ്പത്തിക തട്ടിപ്പിനിരയായി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ പൂജാ മുറിയില്‍ ജീവനൊടുക്കിയ മാന്നാര്‍ കുരട്ടിക്കാട് ഓങ്കാറില്‍ ശ്രീദേവിയമ്മ ഉള്‍പ്പടെ പലരില്‍ നിന്നായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീദേവിയമ്മയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയത്. ശ്രീദേവിയമ്മയുടെ കയ്യില്‍ നിന്ന് 65 ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തതായാണ് പരാതി. ശ്രീദേവിയമ്മ മരിക്കുന്നതിന് മുന്‍പുതന്നെ ഇതുമായി ബന്ധപെട്ട് മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട്, അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ശ്രീദേവിയമ്മ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണ ചുമതല വീയപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറിയത്.

ശ്രീദേവിയമ്മയുടെ മരണശേഷമാണ് കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയത്. അര്‍ദ്ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതില്‍ എ.സി ശിവന്‍പിള്ള, വത്സലാ ഭവനില്‍ ടി.എന്‍ വത്സലാകുമാരി, നേരൂര്‍പടിഞ്ഞാറ് രമണി അയ്യപ്പന്‍, ശാന്തമ്മ എന്നിവരും എസ്.പിക്ക് പരാതി നല്‍കിയിരുന്നു. മാന്നാര്‍, ചെന്നിത്തല പ്രദേശങ്ങളില്‍ നിന്നായി മൂന്ന് കോടിയിലേറെ രൂപ ഇവര്‍ തട്ടിയെടുത്തതായാണ് സൂചന.

കേന്ദ്രപദ്ധതി പ്രകാരം വനിതകള്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങുന്നതിനായി 10 കോടി രൂപ ലഭിക്കുമെന്നും അതിന്റെ പ്രാരംഭ ചിലവുകള്‍ക്കായി കുറച്ച് പണം നല്‍കി സഹായിക്കണമെന്നും ആവശ്യപെട്ടാണ് ഇവര്‍ ശ്രീദേവിയമ്മ ഉള്‍പ്പെടെയുള്ളവരെ സമീപിച്ച് തട്ടിപ്പ് നടത്തിയത്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

വീയപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, പ്രതാപചന്ദ്രമേനോന്‍, സിവില്‍ പോലീസ് ഓഫീസര്‍ നിസാറുദ്ദീന്‍, വനിതാ എ.എസ്.ഐ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week