പൂർണഗർഭിണിയായ യുവതി താമസിച്ചത് ആറ് പേരടങ്ങുന്ന മുറിയിൽ, വിവരമറിഞ്ഞിരുന്നില്ലെന്ന് സുഹൃത്തുക്കൾ;പരാതി നല്‍കാത്തതിനാല്‍ കേസില്ല

കൊച്ചി: കലൂരിലെ ഹോസ്റ്റലിൽ കുഞ്ഞിന് ജന്മം നൽകിയ 23കാരിയുടെ മൊഴി രേഖപ്പെടുത്തി. കൊല്ലം സ്വദേശിയായ യുവാവിൽ നിന്നുമാണ് ഗർഭം ധരിച്ചതെന്നും യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പെൺകുട്ടി പരാതി നൽകാത്തതിനാൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് എറണാകുളം നോർത്ത് പൊലീസ് അറിയിച്ചു.

ആറ് പേരുള്ള മുറിയിലാണ് യുവതി താമസിച്ചിരുന്നത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് മുറിയിലുളളവർ പറഞ്ഞു. മുൻപ് പലപ്പോഴും ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവർ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറുകയായിരുന്നു.

ഇന്ന് പുലർച്ചയോടെയാണ് ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുളള ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്. രാവിലെ ശുചിമുറിയിലേക്ക് പോയ പെൺകുട്ടിയെ മണിക്കൂറോളം കാണാത്തതിനെ തുടർന്നാണ് സുഹൃത്തുക്കൾ ബലം പ്രയോഗിച്ച് വാതിൽ തുറന്നത്. ശുചിമുറിക്കുളളിൽ കയറിയപ്പോൾ രക്തത്തിൽ കുളിച്ച കുഞ്ഞുമായി നിൽക്കുന്ന യുവതിയെയാണ് കണ്ടതെന്നും സുഹ‌ൃത്തുക്കൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News