KeralaNews

നിപയും എം പോക്‌സും ആശങ്കയാവുന്നു; മലപ്പുറത്ത് നിയന്ത്രണം കർശനമാക്കുന്നു, ഇന്ന് പ്രത്യേക യോഗം ചേരും

മലപ്പുറം: നിപ, എം പോക്‌സ് ബാധ കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കി ആരോഗ്യവകുപ്പ്. സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് മലപ്പുറത്തേക്ക് എത്തും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചികിത്സ, പ്രതിരോധം, നിയന്ത്രണങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതിനിടെ എംപോക്‌സ്‌ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗിയുമായി ബന്ധപ്പെട്ട ആളുകളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനാണ് നീക്കം. വിമാനത്താവളം മുതലുള്ള രോഗബാധിതന്റെ റൂട്ട് മാപ്പും ഉടൻ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമ്പർക്കമുള്ളവരിൽ രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ഉടൻ തന്നെ പരിശോധനയ്ക്ക് അയക്കും. രോഗം സ്ഥിരീകരിച്ച 38കാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. അതിനിടെ മലപ്പുറം ജില്ലയില്‍ ഇന്ന് ജനപ്രതിനിധികളുടെ യോഗവും ചേരുന്നുണ്ട്. മന്ത്രി വീണാ ജോര്‍ജും ഇതിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷമാണ് ജനപ്രതിനിധികളുടെ യോഗം ചേരുക. എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർത്തത്.

ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് എം പോക്‌സ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ നിർബന്ധമായും ചികിത്സ തേടണമെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചത്.

ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലുള്‍പ്പെടെ പലയിടത്തും എം പോക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. രോഗം കണ്ടെത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ലക്ഷണങ്ങളുടെങ്കിൽ പ്രത്യേകം ശ്രദ്ധ വേണമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതിനിടെ നിപ ബാധയിൽ ജില്ലയ്ക്ക് നേരിയ ആശ്വാസമുണ്ട്. ഏറ്റവും ഒടുവിൽ 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതാണ് ആശ്വാസമാവുന്നത്. നിപ ബാധിച്ച് മരണപ്പെട്ട യുവാവിന്റെ കൂടെ ആശുപത്രിയില്‍ പരിചരിക്കാൻ കൂടെയുണ്ടായിരുന്ന അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്‌ടർ ഉൾപ്പെടെയുള്ളവരുമാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്.

നിലവിൽ കണ്ടെയ്‌ൻമെൻറ് സോണായ വാർഡുകളിൽ ഉൾപ്പെടെ നിയന്ത്രണം തുടരുകയാണ്. ഇതുവരെ പരിശോധിച്ച 26 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. എന്നാൽ കഴിഞ്ഞ ദിവസം പുതുതായി 11 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവരാണ്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ ആകെ എണ്ണം 266 ആയി ഉയർന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker