ദുരന്തമുഖത്ത് അതിശക്തമായ മഴ: കണ്ണാടിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി
കൽപ്പറ്റ: വയനാട്ടിലെ ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ചൂരൽ മലയിൽ കണ്ണാടിപ്പുഴയിൽ അതിശക്തമായ മഴയെ തുടര്‍ന്ന് കനത്ത മലവെള്ളപ്പാച്ചിലാണ് തിരിച്ചടിയായത്. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മഴയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 222 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 225 പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ, മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും അവലോകന യോഗം വിലയിരുത്തി. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. തെരച്ചിലിന് അതീവ ദുഷ്കരമാക്കി ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ് ദുരന്ത ബാധിത പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ് ഉള്ളത്. ഇതിനിടെയാണ് പ്രതികൂലമായ കാലവസ്ഥയും വിലങ്ങുതടിയാകുന്നത്.