InternationalNews

രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; ഗുരുതര സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ പൊതുസഭയുടെ അടിയന്തര യോഗം

ടെൽഅവീവ്: രണ്ട് ബന്ദികളെക്കൂടി മോചിപ്പിച്ച് ഹമാസ്. ബന്ദികളായിരുന്ന നൂറ് കൂപ്പറിനെയും യോചെവെദ് ലിഫ്ഷിറ്റ്സിനെയുമാണ് മോചിപ്പിച്ചത്. ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ബന്ദികളെ മോചിപ്പിച്ചത്.

ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സം ബ്രിഗേഡ് ബന്ദികളെ മോചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വയോധികരായ രണ്ട് സ്ത്രീകളെ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിയുടെ പ്രതിനിധികള്‍ക്ക് കൈമാറുന്നത് ദൃശ്യങ്ങളിലുണ്ട്. ഹെലികോപ്റ്ററിൽ ഇസ്രയേലിലെത്തിച്ച ഇരുവരെയും ടെൽ അവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മോചിപ്പിച്ച രണ്ടുപേരുടെയും ഭര്‍ത്താക്കന്മാര്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ അമേരിക്കന്‍ പൗരന്മാരായ രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതോടെ ഹമാസ് വിട്ടയച്ച ബന്ദികളുടെ ആകെ എണ്ണം നാലായി. അമേരിക്കൻ-ഇസ്രായേൽ പൗരത്വമുള്ള ജൂഡിത്ത്, മകൾ നതാലി റാനൻ എന്നിവരെ വെള്ളിയാഴ്ച തടവിൽ നിന്ന് മോചിപ്പിച്ചിരുന്നു. 

200 ഓളം പേരെ ഹമാസ് ബന്ദികളാക്കിയതായാണ് ഇസ്രയേൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇരട്ടപൗരത്വമുള്ള മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. വിദേശപൗരത്വമുള്ള ഇസ്രയേലികളെയും ഹമാസ് ബന്ദികളാക്കിയിരുന്നു. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഹമാസ് നീക്കമെന്നാണ് സൂചന. 50ഓളം ബന്ദികളെ ഉടനെ മോചിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബന്ദികളെ മോചിപ്പിച്ച ഹമാസ് നടപടി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു. മുഴുവൻ ബന്ദികളെയും മോചിപ്പിക്കണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ആവശ്യപ്പെട്ടു. നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച ബൈഡൻ ഗാസയിലേക്കുള്ള സഹായം തടയരുതെന്നും ആവശ്യപ്പെട്ടു.

ഗാസയിലെ ഗുരുതരമായ സാഹചര്യം സംബന്ധിച്ച് ജോര്‍ദാനും മൗറിറ്റാനിയും അടക്കമുള്ള രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യുഎന്‍ പൊതുസഭയുടെ പ്രത്യേക അടിയന്തര സെഷന്‍ വിളിക്കും. വ്യാഴാഴ്ച യോഗം വിളിക്കുമെന്നാണ് യുഎന്‍ പൊതുസഭയുടെ പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ് വ്യക്തമാക്കിയിരിക്കുന്നത്. സുരക്ഷാ കൗണ്‍സിലിന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍, ജനറല്‍ അസംബ്ലി ശക്തമാക്കണമെന്നും ഡെന്നിസ് ഫ്രാന്‍സിസ് വ്യക്തമാക്കിയിട്ടുണ്ട്.

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം രക്ഷാസമിതിയില്‍ കഴിഞ്ഞയാഴ്ച വീറ്റോ ചെയ്യപ്പെട്ടിരുന്നു. ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങള്‍ പുതിയ പ്രമേയം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker