‘നാളെ പെരുവഴിയിൽ ആകും’, അമൃതയ്ക്കൊപ്പമുള്ള ചിത്രത്തിന് കമന്റ്; മറുപടിയുമായി ഗോപി സുന്ദർ
കൊച്ചി:സ്വകാര്യ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമ പേജിൽ അനാവശ്യ കമന്റുമായി എത്തിയ ആൾക്കു മറുപടിയുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ. ജീവിതപങ്കാളിയും ഗായികയുമായ അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിനു പിന്നാലെയായിരുന്നു ഒരാളുടെ പ്രതികരണം.
സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയ ആൾക്ക് നാളെ പെരുവഴി തന്നെയാണ് ശരണം എന്നായിരുന്നു കമന്റ്. ‘അപ്പോൾ ആ വഴിയിൽ കാണാം’ എന്നാണ് മറുപടിയായി ഗോപി സുന്ദർ കുറിച്ചത്. പ്രതികരണം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേര്‍ ഗോപി സുന്ദറിനെ പിന്തുണച്ചു രംഗത്തെത്തി.
അമൃതയ്ക്കൊപ്പം പുഷ്പഹാരം അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഗോപി സുന്ദർ പങ്കുവച്ചത്. ചിത്രം പുറത്തുവന്നതോടെ ഇരുവരും വിവാഹിതരായി എന്ന തരത്തിൽ വാർത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ അത് വിവാഹചിത്രമല്ലെന്നും തങ്ങൾ പഴനിയിൽ പോയപ്പോൾ എടുത്ത ചിത്രമാണെന്നും ഗോപി സുന്ദർ വെളിപ്പെടുത്തി.
ഈ വർഷം മേയിൽ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.