35.9 C
Kottayam
Thursday, April 25, 2024

രാജസ്ഥാനിൽ ട്വിസ്റ്റ്?; രാജിഭീഷണിയുമായി ഗെലോട്ട് പക്ഷ എംഎൽഎമാർ

Must read

ജയ്പുർ∙ രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തിൽ സസ്പെൻസ് നിലനിർത്തി ഗെലോട്ട് പക്ഷ എംഎൽഎമാരുടെ പുതിയ നീക്കം. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ വിമുഖത കാട്ടി തൊണ്ണൂറോളം എംഎൽഎമാർ രാജിഭീഷണി മുഴക്കി. ഇന്നു രാത്രി തന്നെ ഇവർ സ്പീക്കർ സി.പി.ജോഷിയെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിൽ നിയമസഭാ കക്ഷി യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനിരിക്കെയാണ് നീക്കം. സച്ചിൻ പൈലറ്റ്, യോഗത്തിനായി അശോക് ഗെലോട്ടിന്റെ വസതയിലെത്തിയിട്ടുണ്ട്. എഐസിസി നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിൽ ചേരാനിരുന്ന നിയമസഭകക്ഷി യോഗം വൈകുകയാണ്.

ആകെ 200 എംഎൽഎമാരാണ് രാജസ്ഥാൻ നിയമസഭയിലുള്ളത്. ഇതിൽ കോൺഗ്രസിന് 107 എംഎൽഎമാരും ബിജെപിക്ക് എഴുപതുമാണുള്ളത്. ഗെലോട്ട് പക്ഷത്തുള്ള 92 എംഎൽഎമാർ രാജിവച്ചാൽ സഭയുടെ അംഗബലം 108 ആയി കുറയും. ഇതോടെ ഭൂരിപക്ഷം തെളിയിക്കാൻ 55 എംഎൽഎമാരുടെ മാത്രം പിന്തുണ മതിയാകും. ബിജെപിക്ക് 70 എംഎൽഎമാർ ഉണ്ടെന്നിരിക്കെ ഇതു കോൺഗ്രസിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. 

ഗെലോട്ടിന്റെ അടുത്ത അനുയായിയും എംഎൽഎയുമായ ശാന്തി ധരവാളിന്റെ വസതിയിൽ ഗെലോട്ട് പക്ഷ എംഎൽഎമാർ ഇന്നു വൈകിട്ട് യോഗം ചേർന്നിരുന്നു. 2020ൽ സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരും ചേർന്ന് വിമതനീക്കം നടത്തിയപ്പോൾ സർക്കാരിനെ പിന്തുണച്ച  എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെലോട്ട് പക്ഷത്തെ എംഎൽഎമാർ ഐകകണ്ഠമായി പ്രമേയം പാസാക്കി.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ ക്യാംപിന്റെ ആവശ്യം. എന്നാൽ താൻ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെലോട്ട് ഉന്നയിച്ചു. അതേസമയം, 2018ൽ ഭരണം പിടിക്കാൻ മുന്നിൽ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week