നോയിഡ: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ വച്ച് വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതാപ്ഗര്‍ഹില്‍ നിന്നും ഗൗതം ബുദ്ധനഗറിലേക്ക് പോവുകയായിരുന്ന ബസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട് മക്കളോടൊപ്പം ഭര്‍ത്താവിന്റെയടുത്തേക്ക് പോവുകയായിരുന്നു 25കാരിയായ യുവതി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ബസിനുള്ളില്‍ 12 യാത്രക്കാരുണ്ടായിരിക്കെയാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. യാത്രക്കാര്‍ ഈ സമയം ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗതം ബുദ്ധനഗറിലെത്തിയപ്പോള്‍ ഭര്‍ത്താവിനോട് യുവതി കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവും ചില നാട്ടുകാരും ചേര്‍ന്ന് പ്രതിയായ ഡ്രൈവറെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മറ്റു രണ്ടു പേര്‍ കൂടി പ്രതിയായ ഡ്രൈവറെ സഹായിച്ചതായി പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് വ്യക്തമാക്കി. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു.