യുവതാരങ്ങളോട് വിവേചനം,നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തലുകളിൽ ‘അമ്മ’യോട് വിശദീകരണം തേടി ഫെഫ്ക
കൊച്ചി: യുവനടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തലുകളിൽ വിശദീകരണം തേടി സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക.താരസംഘടനയായ അമ്മയോടാണ് വിശദീകരണം തേടിയത്. ആരോപണവുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഫെഫ്ക കത്തു നൽകി.
മലയാള സിനിമയിലെ വിവേചനങ്ങളെ കുറിച്ചും മേധാവിത്വത്തെ കുറിച്ചും തുറന്നു പറച്ചിലുമായി നടൻ നീരജ് മാധവ് ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും ഗുഡ് ബുക്കിൽ ഞാൻ കേറിപറ്റിയിട്ടില്ലെന്നും നീരജ് പറഞ്ഞു.