മണി രത്നം സിനിമകൾ എപ്പോഴും ഉന്നം വെക്കുന്നത് ഒരു പ്രത്യേക രീതിയിൽ പ്രണയിക്കുന്നവരെയാണ്; പ്രണയിക്കുക എന്നല്ലാതെ മറ്റൊരു മാർഗമില്ലാത്ത വിധം കഥാപാത്രങ്ങൾ പ്രണയിക്കും; ഇത് കണ്ടുനിൽക്കുന്നവരും പ്രണയിച്ചുപോകും; വൈറൽ കുറിപ്പ് വായിക്കാം !
കൊച്ചി:മണിരത്നം സിനിമകൾ എന്നും വിസ്മയമാണ്. സിനിമാ പ്രേമികളെ സന്തോഷിപ്പിക്കാൻ മാത്രമല്ല പ്രണയിപ്പിക്കാനും മണിരത്നത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്വയം പ്രണയിക്കുന്നതിന്റെ ദിവ്യമായ അനുഭൂതിയെ കുറിച്ച് പറയുന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
അഞ്ജലി മാധവി ഗോപിനാഥ് കുറിച്ച മനോഹരമായ വാക്കുകൾ ഇങ്ങനെ. ” ഞാൻ ഞാനുമായി ഏറ്റവും സ്നേഹത്തിലിരിക്കുന്ന സമയങ്ങളിൽ സ്വാഭാവികമായി ഇടയ്ക്കിടെ കണ്ണാടിയിൽ എന്നെത്തന്നെ നോക്കാറുണ്ട്. അപ്പോഴെല്ലാം ഞാനെന്റെ കണ്ണിൽ എനിക്കിഷ്ടപ്പെടുന്നൊരു പെണ്ണാണെന്ന് തോന്നാറുണ്ട്. ചിലപ്പോഴെല്ലാം ആത്മവിശ്വാസം കൂടാറുണ്ട്. സമനില വിട്ടു കരഞ്ഞു സങ്കടത്തിന്റെ അതിഭീകരമായ അവസ്ഥയിൽ നിൽക്കുമ്പോഴും സ്വയം കണ്ണാടിയിൽ നോക്കാറുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകളുടെ ഭംഗി ശ്രദ്ധിക്കാറുണ്ട്. കണ്ണെഴുതിയിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗിയുണ്ടായേനെ എന്ന് ചിന്തിക്കാറുണ്ട്. കണ്ണുനീരൊഴുകിയ കവിളുകൾ നോക്കാറുണ്ട്.പലപ്പോഴും എന്നെക്കുറിച്ച് ഞാനെന്നോട് തന്നെയായിരുന്നു പറഞ്ഞിരുന്നത്.
സ്വന്തം കഥകൾ, സങ്കടങ്ങൾ എല്ലാം കണ്ണാടിയിൽ നോക്കി പറയും. കണ്ണാടിയിൽ നോക്കി സ്വയം സമാധാനിപ്പിക്കും. ഭീകരമായ പ്രണയം തോന്നുമ്പോഴും ഞാനെന്നെ കണ്ണാടിയിൽ നോക്കാറുണ്ട്. അപ്പുറത്ത് നിൽക്കുന്ന ആളുടെ കണ്ണിൽ ഞാനെന്താണെന്ന് നോക്കിക്കാണാൻ ശ്രമിക്കാറുണ്ട്. ഉള്ളിലുള്ള പ്രണയം എങ്ങനെയെല്ലാം അയാളോട് പറയണമെന്ന് കണ്ണാടിയിൽ നോക്കി പറയും. അപ്പോഴുള്ള മുഖത്തെ ഭാവങ്ങൾ നോക്കി പലപ്പോഴും ചിരി വന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ “ഹായ് ഇതാണോ ഞാൻ ” എന്ന് പറഞ്ഞ് എന്നെത്തന്നെ നോക്കി വിലയിരുത്താറുണ്ട്. മറ്റൊരാൾ പറഞ്ഞ് തരാതെ തന്നെ സ്വയം മനസിലാക്കാൻ അതുപകരിച്ചിട്ടുണ്ട്.
കണ്ണാടിയിൽ കാണുന്ന ഞാനുമായി സ്ഥിര സംവാദങ്ങളിൽ ഏർപ്പെടാറുണ്ട്. കണ്ണാടിയിലുള്ള എന്നെ മറ്റൊരൊളായി കാണാൻ സ്വയം ശ്രമിക്കാറുണ്ട്. അയ്യോ എന്റെ ഞാനേ എന്ന് പറഞ്ഞ് എന്നെ ചേർത്ത് പിടിക്കാറുണ്ട്. ചുരുക്കത്തിൽ ഇങ്ങനെയാണ്, കണ്ണാടിയൊരു വിശിഷ്ഠമായ കണ്ടുപിടുത്തമാണ്. തന്നെത്തന്നെ ഇടയ്ക്കിടെ കണ്ണാടിയിൽ നോക്കുന്നവർ ആത്മവിശ്വാസമുള്ളവരാണ്. നടന്നു പോകുമ്പോൾ വഴിയിലെവിടെയെങ്കിലും ഒരു കണ്ണാടി കണ്ടാൽ, തന്നെ ആ കണ്ണാടിയിൽ കണ്ടാൽ ഒന്നുകൂടെ നോക്കാൻ തോന്നുന്നവർ അത്രയധികം തന്നെത്തന്നെ സ്നേഹിക്കുന്നവരാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ തന്നെയും പിന്നെയും എന്നെത്തന്നെ നോക്കും. സ്വയം പ്രണയിക്കുന്നവർക്ക് കണ്ണാടിയോളം പ്രിയമുള്ള മറ്റൊന്നുണ്ടാവില്ല. സ്വയം പ്രണയിക്കുന്നവർക്ക് താനല്ലാത്തതിനേയും അതുപോലെ പ്രണയിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
ഇന്ന് വരെയുള്ള ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് മണിരത്നം. അതിന്റെ കാരണങ്ങൾ എനിക്ക് വളരെ വ്യക്തമായി അറിയാവുന്നതാണ്. എന്റെ മനസ്സിൽ ഞാൻ കാണുന്ന അല്ലെങ്കിൽ ആഗ്രഹിക്കുന്ന പ്രണയങ്ങൾ സ്‌ക്രീനിൽ കാണിക്കുന്ന ആളാണ് അദ്ദേഹം. അതിനെ മറ്റൊരു രീതിയിൽ കൂടെ പറയാം. അദ്ദേഹത്തിന്റെ സിനിമകളിലെ പ്രണയങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ വളർച്ചയുടെ കാലഘട്ടങ്ങളിൽ ഞാൻ പലപ്പോഴും മണി രത്നം സിനിമകളിൽ ജീവിക്കാൻ ശ്രമിച്ചിട്ടുണ്ട്. എനിക്ക് മാത്രം അറിയാവുന്ന ശരികളും തെറ്റുകളും അതിലുണ്ട്. എന്റെ ചിന്തകളിൽ മണി രത്നം സിനിമകളിലെ സ്ഥലങ്ങൾ, മനുഷ്യർ, അവരുടെ മാനറിസങ്ങൾ ഇതെല്ലാം വന്നു പോകാറുണ്ട്.
ഇതിനെല്ലാമുപരി എന്റെ ചില ജീവിത സാഹചര്യങ്ങളിൽ മണി രത്നം സിനിമകളിലെ പാട്ടുകൾ മനസിലിട്ടോടിക്കാറുണ്ട്. എന്നെ വളരെ അടുത്തറിയാവുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്.
എത്ര പ്രാവശ്യം വേണമെങ്കിലും മണി രത്നം സിനിമകൾ ഇരുന്ന് കണ്ടോണ്ടിരിക്കാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. പ്രണയം, അതിലെ പലതരം അവസ്ഥകൾ അതെല്ലാം കൈകാര്യം ചെയ്യുന്ന മണി രത്നം ശൈലികൾ ഇതെല്ലാം ചിലപ്പോഴൊക്കെ എനിക്കൂഹിക്കാൻ കഴിയാറുണ്ട്. മണി രത്നം സിനിമകൾ എപ്പോഴും ഉന്നം വെക്കുന്നത് ഒരു പ്രത്യേക രീതിയിൽ പ്രണയിക്കുന്നവരെയാണ്.
മിക്കവാറും അവർക്ക് സിനിമകളോടും പ്രണയത്തോടും അഭിനിവേശമുള്ളവരാവും. സൂക്ഷിച്ചു നോക്കിയാൽ മണി രത്നം സിനിമകളിലേത് ആവർത്തിക്കപ്പെടുന്ന പ്രണയങ്ങളാണ്. പല സാഹചര്യങ്ങളിൽ കഥാപാത്രങ്ങളെ കൊണ്ട് വന്നിട്ടിട്ട് അയാൾ അവരെ പ്രണയിപ്പിക്കുകയാണ്. പ്രണയിക്കുക എന്നല്ലാതെ മറ്റൊരു മാർഗമില്ലാത്ത വിധം കഥാപാത്രങ്ങൾ പ്രണയിക്കും. അത് കണ്ടു നിൽക്കുന്ന സാധാരണമായി ചിന്തിക്കുന്ന മനുഷ്യരുടേയും മനസ്സിൽ അപ്പോൾ പ്രണയം മാത്രമായിരിക്കും. അത് കൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങളും വന്നു പോകുന്ന ഒരേപോലെയുള്ള ചില സീനുകളുണ്ട് മിക്ക സിനിമകളിലും.
അതില്ലാതെ മണി രത്നം സിനിമ പൂർത്തിയാകില്ലെന്ന മട്ടിൽ അദ്ദേഹത്തിന്റെ ആരാധകരെല്ലാം അതാസ്വാധിക്കാറുണ്ട്. ഇന്ന് വരെയുള്ള മണി രത്നം സിനിമകളിൽ ട്രെയിനിന്റെ അതേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊന്നാണ് ” കണ്ണാടികൾ ” . നായകനും നായികയും കണ്ണാടിയിൽ ഒരുമിച്ചു നോക്കുന്ന സന്ദർഭങ്ങൾ മണി രത്നം സിനിമകളിലെ സ്ഥിരം കാഴ്ച്ചയാണ്. എത്ര കണ്ടാലും ഏറെ പ്രണയത്തോടെ രണ്ടുപേരൊരുമിച്ചു കണ്ണാടിയിൽ നോക്കുമ്പോഴുണ്ടാകുന്ന പ്രണയത്തിന്റെ കുത്തൊഴുക്ക് അനുഭവിച്ചവർക്ക് അറിയാവുന്നതാണ്. പ്രണയത്തിന്റെ പരകോടിയിൽ നിൽക്കുമ്പോൾ ഒന്നിച്ചൊന്നു കണ്ണാടിയിൽ നോക്കണം. കൂടെയുള്ള ആളെ മാത്രമല്ല. നിങ്ങളിലേക്കും നോക്കണം. അത്രയും ആർദ്രമായ നിങ്ങളെ കാണാൻ അതിലും നല്ലൊരു സമയമില്ല. നീയും ഞാനും എന്നുള്ളത് നമ്മളെന്നു പറഞ്ഞ് നോക്കിക്കാണാൻ സുഖമുള്ള കാഴ്ച്ചയാണ്.
കഥാപാത്രങ്ങളെ നമ്മളിലേക്ക് കെട്ടഴിച്ചു വിടുന്ന മണി രത്നം പിന്നെയും പിന്നെയും നമ്മളേ പ്രണയിക്കാൻ പ്രേരിപ്പിക്കാറുണ്ട്. കഥാപാത്രങ്ങളുടെ അവസ്ഥയിലേക്ക് പ്രേക്ഷകരേയും കൊണ്ട് നിർത്തി അവരെപ്പോലെ ചിന്തിപ്പിക്കാറുണ്ട്. അവർക്കൊപ്പം പ്രണയിക്കുകയും സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യാറുണ്ട്. അതുപോലെയാണ് മണി രത്നം സിനിമകളിൽ കഥാപാത്രങ്ങളേയും സാഹചര്യങ്ങളേയും സൃഷ്ടിച്ചിരിക്കുന്നത്. ഏതൊരു സാഹചര്യത്തിന്റെ മുകളിലും പ്രണയം ഗതിയില്ലാതെ ഒഴുകാറുണ്ട്. സ്വാഭാവികമായി ഉള്ളിൽ പ്രണയമുള്ളവർക്കെല്ലാം മണി രത്നവും അദ്ദേഹത്തിന്റെ സിനിമകളും ഒരു കാറ്റലിസ്റ്റാണ്.
യാഥാർഥ്യവുമായി ചേർത്ത് വായിച്ചു ഒരുപാട് വിലയിരുത്തലുകൾ സംഭവിച്ചു പോകുന്ന ഒന്നാണ് മണി രത്നം സിനിമകൾ. എങ്കിലും ഇപ്പോഴും വലിയൊരു വിഭാഗം ആളുകളുടെ കാത്തിരിപ്പുകളാണ് ഓരോ മണി രത്നം സിനിമകളും. ഒരുമിച്ചു കണ്ണാടിയിൽ നോക്കി നിൽക്കുന്ന താരയും ആദിയും,ശക്തിയും കാർത്തിക്കും,റോജയും ഋഷിയും, വരുണും ലീലയും, ശേഖറും ബാനുവും,ദേവും രാഗിണിയും, സുജാതയും ഗുരുവും, മേഘനയും അമറും, ശ്യാമയും ദിലീപനും അങ്ങനെ എത്രയെത്ര ജോഡികൾ.
ഇന്നും ഓർക്കുമ്പോൾ മുഖത്തൊരു പുഞ്ചിരി കൊണ്ട് വരുന്ന മണി രത്നം ജോഡികൾ. മണി രത്നത്തിന്റെ പ്രത്യേകതകൾ ഒരുപാടുണ്ട്. അതിൽ ഏറ്റവും മികച്ചതെന്ന് എന്നും തോന്നിയിരിക്കുന്നത് പ്രണയം കൈകാര്യം ചെയ്യുന്നത് തന്നെയാണ്. അയാൾ ആവർത്തിച്ചാവർത്തിച്ചു പല കഥാപാത്രങ്ങളെ ഓരേ രീതിയിൽ, ഒരേ സ്ഥലങ്ങളിൽ കൊണ്ട് നിർത്തുമ്പോഴും അതിലെല്ലാം വ്യത്യസ്തത കണ്ടവരാണ് നമ്മൾ.
ഓരോ ചിത്രങ്ങളിലേയും കണ്ണാടി രംഗങ്ങൾ എടുത്തെടുത്തു നോക്കുമ്പോൾ, ആ രംഗങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച അനുഭവങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. അടുത്തടുത്തു ചേർന്ന് നിന്ന്, നമ്മളൊരുമിച്ചുള്ളപ്പോൾ എന്ന് മനസിനോട് സ്വയം പറഞ്ഞ് ഒരുമിച്ചു കണ്ണാടിയിൽ നോക്കണം. നമ്മുടെ സ്നേഹം നമ്മുടെ മുന്നിൽ കാണണം.
ഞാൻ നിന്നെയും നീ എന്നെയും ഇത്രയും ഗാഢമായി പ്രണയിക്കുന്നുവെന്ന് പരസ്പരം നോക്കിക്കാണുമ്പോഴുള്ള സാധാരണ മനുഷ്യരുടെ മനോവികാരം വൈകാരികമാണ്. ഒരുമിച്ചു കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ സ്വയം നോക്കുക കൂടിയാണല്ലോ പരസ്പരം കണ്ണാടിയിലൂടെ നോക്കിക്കാണുമ്പോൾ ഇരുവരും അവരവർക്കിഷ്ടപ്പെട്ട ഭാവത്തിലായിരിക്കും. എനിക്കിഷ്ടമുള്ള എന്നെ കൂടെയുള്ളയാൾ കാണുമ്പോഴുണ്ടാവുന്ന ആത്മവിശ്വാസവും അതിലുണ്ടാവും.
മണി രത്നം മനുഷ്യന്റെ മനസിലെ പ്രണയമെന്ന വികാരത്തെ മുതലെടുത്ത ഒരു മനുഷ്യനാണ്, സംവിധായകനാണ്. പ്രണയത്തെ മുതലെടുക്കാൻ തക്ക വിധമുള്ള മനുഷ്യരായി നമ്മളെ ഇനിയും മാറ്റാൻ അദ്ദേഹത്തിന് കഴിയട്ടെ. ചുറ്റുപാടും പ്രണയം നിറക്കാൻ കഴിയട്ടെ. ട്രെയിനും മഴയും കണ്ണാടികളും ഇനിയുമിനിയും ആവർത്തിക്കപ്പെടട്ടെ.