പഞ്ചാബില്‍ കര്‍ഷകര്‍ തകര്‍ത്തത് 1,500 ജിയോ ടവറുകള്‍
മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്കെതിരായ കര്‍ഷകര്‍ ആക്രമണം തുടരുന്നു. പഞ്ചാബിലെ നിരവധി സ്ഥലങ്ങളില്‍ ടവറുകളും ഫൈബര്‍ കേബിളുകളും തകര്‍ത്തതിനാല്‍ ജിയോക്ക് വന്‍ സാമ്പത്തിക നഷ്ട്മാണ് ഉണ്ടായിരിക്കുന്നത്. ടെലികോം കമ്പനികളെ ആക്രമിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിര്‍ദേശിച്ചിട്ടും 1500 മൊബൈല്‍ ടവറുകളാണ് കര്‍ഷകര്‍ തകര്‍ത്തത്.
സംസ്ഥാനത്തെ ടെലികോം സേവനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് ഡിസംബര്‍ 25ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളെല്ലാം തളളി ആക്രമണം തുടരുകയാണ്.
ഡല്‍ഹിയിലെ പ്രതിഷേധം പോലെ സംസ്ഥാനത്തും സമാധാനം നിലനിര്‍ത്തണമെന്ന് പഞ്ചാബ് സിഎംഒ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ നിര്‍ദേശം വരുന്ന സമയത്തുതന്നെ 700ലധികം മൊബൈല്‍ ടവറുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു.
നാനൂറ് എണ്ണം പിന്നീട് ശരിയാക്കിയെന്നും ജിയോ അറിയിച്ചു. ഞായറാഴ്ച വരെയുളള കണക്കുകള്‍ പ്രകാരം 1500 ടവറുകള്‍ പൂര്‍ണമായും കര്‍ഷകര്‍ നിശ്ചലമാക്കി. ടെലികോം സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തരുതെന്ന് പ്രതിഷേധക്കാരോട് അമരീന്ദര്‍ സിങ് നടത്തിയ അഭ്യര്‍ഥന കര്‍ഷകര്‍ തള്ളിക്കളഞ്ഞു. 150ലധികം സിഗ്നല്‍ ട്രാന്‍സ്‌മെറ്റ് സൈറ്റുകളാണ് ഒറ്റരാത്രികൊണ്ട് നശിപ്പിച്ചത്.
ആക്രമണം ടെലികോം സേവനങ്ങളെ ബാധിച്ചെന്നും പൊലീസിന്റെ സഹായമില്ലാതെ സേവനങ്ങള്‍ നിലനിര്‍ത്താന്‍ ഓപ്പറേറ്റര്‍മാര്‍ ബുദ്ധിമുട്ടുകയാണെന്നും ജിയോ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ 9000 മൊബൈല്‍ ടവറുകളാണ് ജിയോയ്ക്ക് പഞ്ചാബിലുളളത്.