37 C
Kottayam
Tuesday, April 23, 2024

കര്‍ഷക പ്രക്ഷോഭം തുടരുന്നു, പഞ്ചാബിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

Must read

ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ തടയല്‍ സമരങ്ങള്‍ നടക്കുന്നതിനിടെ 28 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. അതേസമയം, ട്രെയിനുകള്‍ റദ്ദാക്കിയ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ട്രെയിന്‍ തടയല്‍ സമരം 29വരെ തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്. കാര്‍ഷിക ബില്‍ പഞ്ചാബിയിലേക്ക് തര്‍ജ്ജമ ചെയ്ത് കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്തു.

കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റാണെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമതി സ്റ്റേറ്റ് സെക്രട്ടറി സര്‍വന്‍ സിംഗ് പാന്ധര്‍ പറഞ്ഞു. സമരവേദിയില്‍ രാഷ്ട്രീയക്കാരെ പ്രവേശിക്കാനനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ കര്‍ഷക സംഘടനകള്‍ സംയുക്തമായി ഭാരത് ബന്ദിന് അഹ്വാനം ചെയ്തിരുന്നു. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു. സെപ്തംബര്‍ 28ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷകരക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടന്ന കര്‍ഷക പ്രതിഷേധങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ പാതകള്‍ ഉപരോധിച്ചു. ട്രെയിനുകള്‍ തടഞ്ഞു. ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക മാര്‍ച്ചുകള്‍ അതിര്‍ത്തികളില്‍ പൊലീസ് തടഞ്ഞു. ഹരിയാന, പഞ്ചാബ് , ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ പ്രതിഷേധത്തില്‍ സ്തംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കര്‍ഷകരും കുടുംബാംഗങ്ങളും വരെ പ്രതിഷേധത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കണ്ടത്. സ്ത്രീകളുടെ വലിയ സാന്നിധ്യം പ്രക്ഷോഭങ്ങളിലുണ്ടായി. അമൃത്സര്‍- ദില്ലി ദേശീയപാത കര്‍ഷകര്‍ അടച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക റാലി നോയിഡയില്‍ പൊലീസ് തടഞ്ഞു.

മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ചത്തീസ്ഗഡ് , തമിഴ്നാട്, കര്‍ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷക സംഘടനകള്‍ സംയുക്തമായി റോഡുകള്‍ ഉപരോധിച്ചു. ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ റാലി നടന്നു. ട്രാക്ടറോടിച്ചാണ് തേജസ്വി യാദവ് റാലി നയിച്ചത്. കാര്‍ഷിക ബില്ലുകള്‍ കീറിയെറിഞ്ഞായിരുന്നു ദില്ലിയില്‍ ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ പ്രതിഷേധം. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week