ബി.ജെ.പിയും ഫേസ്ബുക്കും തമ്മില്‍ രഹസ്യ ഡീല്‍; ബിജെപിയുടെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് വാങ്ങിയത് കുറഞ്ഞ തുകയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്തെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് ബിജെപിയില്‍ നിന്ന് കുറഞ്ഞ തുകയാണ് വാങ്ങിയതെന്ന് റിപ്പോര്‍ട്ട്. ഇതോടെ ബിജെപിയും ഫേസ്ബുക്കും തമ്മിലുള്ള രഹസ്യധാരണയാണ് പുറത്ത് വരുന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഈടാക്കിയ തുകയേക്കാള്‍ കുറഞ്ഞ ഡീലാണ് ബിജെപിക്ക് നല്‍കിയത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് രഹസ്യമായി പണം നല്‍കാനും ഭരണകക്ഷിയുടെ വിസിബിലിറ്റി വര്‍ധിപ്പിക്കാനും പരസ്യദാതാക്കളെ ഫേസ്ബുക്ക് അനുവദിച്ചതായാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ പരസ്യങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ലഭിച്ച വിവരം. 22 മാസങ്ങളിലായി 10 തെരഞ്ഞെടുപ്പുകളാണ് വിലയിരുത്തിയത്.
രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി 500,000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ച എല്ലാ പരസ്യദാതാക്കളെയും ഇന്ത്യ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ റിപ്പോര്‍ട്ടേഴ്സ് കളക്ടീവും (ടി.ആര്‍.സി), സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പരസ്യങ്ങള്‍ പഠിക്കുന്ന ഗവേഷണ പദ്ധതിയായ ad.watch ഉം വിശകലനം ചെയ്തു.
2019 ഫെബ്രുവരി മുതല്‍ 2020 നവംബര്‍ വരെ ഫേസ്ബുക്കില്‍ നല്‍കിയ 536,070 പരസ്യങ്ങളുടെ ഡാറ്റയാണ് വിശകലനം ചെയ്തത്. ബിജെപിയും സ്ഥാനാര്‍ത്ഥികളും കുറഞ്ഞത് 104 മില്യണ്‍ രൂപ (1.36 മില്യണ്‍ ഡോളര്‍) ചിലവഴിച്ച് 26,291 പരസ്യങ്ങള്‍ ഔദ്യോഗികമായി നല്‍കിയതായും ഇതിന് ഫേസ്ബുക്കില്‍ 1.36 ബില്യണിലധികം വ്യൂ ലഭിക്കുകയും ചെയ്തു. കൂടാതെ, കുറഞ്ഞത് 23 പരസ്യദാതാക്കള്‍ ബി.ജെ.പിക്കായി 34,884 പരസ്യങ്ങള്‍ നല്‍കി.
അതിനായി അവര്‍ ഫേസ്ബുക്കിന് 58.3 മില്യണ്‍ രൂപ (761,246 ഡോളര്‍) നല്‍കി. ആരാണെന്നോ പാര്‍ട്ടിയുമായുള്ള ബന്ധമോ വെളിപ്പെടുത്താതെയാണ് പരസ്യം നല്‍കിയത്. ഈ പരസ്യങ്ങള്‍ക്ക് 1.31 ബില്യണിലധികം വ്യൂ ലഭിച്ചു.
ബി.ജെ.പിയുടെ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിന് വേണ്ടി പരസ്യദാതാക്കളുടെ സംഭാവന വളരെ കുറവായിരുന്നു. കോണ്‍ഗ്രസും അതിന്റെ സ്ഥാനാര്‍ത്ഥികളും 30,374 പരസ്യങ്ങള്‍ക്ക് 64.4 മില്യണ്‍ രൂപ നല്‍കിയാണ് ഔദ്യോഗികമായി നല്‍കിയത്.