സ്ത്രീധനപ്രശ്നങ്ങള്‍:അപരാജിതയിലേക്ക് പരാതികളുടെ കുത്തൊഴുക്ക്‌,നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 108 പരാതികള്‍

തിരുവനന്തപുരം:സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ ഇന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കിയത് 108 പേരാണ്. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ഇന്ന് വൈകിട്ട് ഏഴുമണിവരെയുള്ള കണക്കാണിത്.

സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ മൊബൈല്‍ നമ്പര്‍ 9497999955. ഗാര്‍ഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ [email protected] എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഫോണ്‍ 9497996992.

അതിനിടെ കൊല്ലം നിലമേലില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണത്തിന്റെ ഭാഗമായി വിസ്മയയുടെയും കിരണിന്റെയും വീട് സന്ദര്‍ശിച്ചിരുന്നു. വിസ്മയയുടെ വീട്ടിലെത്തി ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ അച്ഛനും മറ്റ് കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇത് ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവമാണെന്നും അതിന് അതിന്റെ എല്ലാ ഗൗരവമുണ്ടെന്നും ഐജി പറഞ്ഞു. ശക്തമായ തെളിവുകള്‍ ഉള്ള കേസില്‍ പ്രതിയ്ക്ക് കനത്ത ശിക്ഷ തന്നെ വാങ്ങി നല്‍കാന്‍ അന്വേഷണത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും ഹര്‍ഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പങ്കുവച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും വിസ്മയയുടെ വീട്ടില്‍ സന്ദര്‍ഷനം നടത്തി.

കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങളെടുക്കും. ശക്തമായ തെളിവുകളുള്ള കേസാണ്. പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ട കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ നടപടി ഉണ്ടാകുമെന്നും ഐ ജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.