KeralaNews

തര്‍ക്കം തുടരുന്നു; പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല, രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിലേറുമ്പോഴും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവിനായി സോഷ്യല്‍മീഡിയയിലടക്കം മുറവിളി ഉയരുകയാണ്. പ്രതിപക്ഷത്തെ നയിക്കാന്‍ ആരുവേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അന്തിമതീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന.

ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ നിന്നു എംപിമാരില്‍ നിന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളില്‍ നിന്നും അഭിപ്രായമാരാഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ ഉടന്‍തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വിവരങ്ങള്‍ ധരിപ്പിച്ചതായാണ് വിവരം. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം നേതൃമാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എ, ഐ ഗ്രൂപ്പുഭേദമില്ലാതെ നല്ലൊരു വിഭാഗം രമേശ് ചെന്നിത്തല തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. എങ്കിലും വിഡി സതീശന്‍ വരണമെന്ന താത്പര്യക്കാരുടെ എണ്ണത്തിലും കുറവില്ല. യുവ എംഎല്‍എമാരിലാണ് ഈ അഭിപ്രായം. സംഘടനയില്‍ സമൂല മാറ്റം വേണമെന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിന് അഭിപ്രായഭിന്നതയില്ല.

മഹാരാഷ്ട്ര മന്ത്രി അശോക് ചവാന്‍ അധ്യക്ഷനായ സമിതി കേരളത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ കെപിസിസി അധ്യക്ഷന്റെ മാറ്റമടക്കമുള്ള കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇക്കാര്യത്തില്‍ ധൃതി പിടിച്ച സമീപനം ഉണ്ടാവില്ല.

കേരളത്തില്‍ 90 ശതമാനം സ്ഥലങ്ങളിലും ബൂത്തുകമ്മിറ്റി രൂപവത്കരിച്ചതായാണ് കേരള നേതൃത്വം അറിയിച്ചിരിക്കുന്നതെങ്കിലും പകുതിയും കടലാസില്‍ മാത്രമൊതുങ്ങിയെന്നാണ് ഹൈക്കമാന്‍ഡിന് ലഭിച്ച വിവരങ്ങള്‍. തെരഞ്ഞെടുപ്പ് സമയത്ത് മിക്ക ബൂത്തുകളിലും ഇരിക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ ഉണ്ടായില്ലെന്ന കാര്യമടക്കം സമിതി പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker