27.4 C
Kottayam
Friday, April 26, 2024

ദേവനന്ദ എങ്ങനെ ആറ്റിന്‍കരയില്‍ എത്തി? ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പോലീസ്; കൂടുതല്‍ പേരെ ചോദ്യം ചെയ്യും

Must read

കൊല്ലം: നാടിന്റെ പ്രാര്‍ത്ഥനയും കാത്തിരിപ്പും ബാക്കിയാക്കി ഇത്തിക്കരയാറിന്റെ കൈവരിയായ പള്ളിമണ്‍ ആറ്റില്‍ മുങ്ങി മറഞ്ഞ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ദേവനന്ദ എങ്ങനെ ആറിന്റെ കരയില്‍ എത്തി എന്നതാണ് അന്വേഷണ സംഘം ആദ്യം അന്വേഷിക്കുന്നത്. ദേവനന്ദ ബുധനാഴ്ച അമ്മൂമ്മയ്ക്കൊപ്പം താല്‍ക്കാലിക പാലം കയറി അക്കരെയുള്ള കൊട്ടറ മിന്നൂര്‍ക്കുളം മാടന്‍നട അമ്പലത്തില്‍ പോയിരുന്നു. ഈ ഓര്‍മയില്‍ കുട്ടി തനിയേ ആ വഴി ഒരിക്കല്‍ കൂടി പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. പാലത്തില്‍ നിന്നു വഴുതി ആറ്റില്‍ വീണതാകാമെന്നാണ് വിലയിരുത്തല്‍.

വീട്ടില്‍ നിന്നും ഈ പാലം വരെ 200 മുതല്‍ 250 മീറ്റര്‍ ദൂരം മാത്രമേയുള്ളൂ. വീടിനോട് ചേര്‍ന്നുള്ള മൂന്നുവീടുകള്‍ പിന്നിട്ടാല്‍ ഈ വഴി വിജനമാണ്. പുഴയ്ക്ക് അക്കരെയും ഇക്കരെയും റബര്‍തോട്ടങ്ങള്‍ മാത്രം. പുഴ ഇവിടെ നാലു വളവുകള്‍ തിരിഞ്ഞാണ് ഒഴുകുന്നത്. താല്‍ക്കാലിക പാലത്തിന് കീഴിലൂടെ നല്ല ശക്തിയിലാണ് വെള്ളത്തിന്റെ ഒഴുക്ക്.

മാടന്‍നട ക്ഷേത്രത്തില്‍ സപ്താഹം നടന്നുവരികയാണ്. എല്ലാവര്‍ഷവും ക്ഷേത്രത്തില്‍ സപ്താഹം വരുമ്പോള്‍ പുഴയില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കാറുണ്ട്. ഇളവൂര്‍ ഭാഗത്തുള്ളവര്‍ ഇതുവഴിയാണ് ക്ഷേത്രത്തിലെത്തുന്നത്. സപ്താഹം തീര്‍ന്നാലും പാലം പൊളിക്കില്ല. അടുത്ത മഴക്കാലത്ത് വെള്ളംപൊങ്ങി താനേ തകരുന്നതുവരെ പാലം അവിടെ ഉണ്ടാകുകയാണ് പതിവ്.

ദേവനന്ദയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴി എടുക്കും. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പോലീസ് ആലോചിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത.

പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകളുടെ സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പില്‍ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകീട്ടാണ് സംസ്‌കരിച്ചത്. ആയിരങ്ങളാണ് ദേവനന്ദയെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week