31.1 C
Kottayam
Friday, May 3, 2024

ഡല്‍ഹി കലാപം; 630 പേര്‍ അറസ്റ്റില്‍, 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Must read

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വിവിധ കേസുകളിലായി 630 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 148 എഫ്.ഐ.ആറുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.

അക്രമവുമായി ബന്ധപ്പെട്ട് 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും 630 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് വക്താവ് അറിയിച്ചു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് മന്ദീപ് സിംഗ് രന്ധവ പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് പറഞ്ഞു.

ഇതിനിടയില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച നാലു പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം 38 ആയിരുന്നു. എന്നാല്‍ മരിച്ചവരില്‍ 26 പേരെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ. ബാക്കിയുള്ളവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കലാപത്തിനുശേഷം നാലുദിവസം പിന്നിടുന്നതോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പ്രശ്ന പ്രദേശങ്ങള്‍ പുറമേയെല്ലാം ശാന്തമാണ്. വെള്ളിയാഴ്ച കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ കടകള്‍ തുറന്നു. വാഹനങ്ങളോടി. റോഡുകളില്‍ കുമിഞ്ഞുകൂടിയ കലാപത്തിന്റെ അവശിഷ്ടങ്ങള്‍ മുനിസിപ്പല്‍ ജീവനക്കാര്‍ ട്രക്കുകളില്‍ നീക്കുന്നതിനും വൈദ്യുതിജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്നമേഖലകളില്‍ ഡല്‍ഹി പോലീസിനു പുറമേ ഏഴായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. എത്രയുംവേഗം സമാധാനം വീണ്ടെടുക്കുകയാണ് പോലീസിന്റെ പ്രധാനലക്ഷ്യമെന്ന് ജോയന്റ് കമ്മിഷണര്‍ ഒ.പി. മിശ്ര പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week