സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്

കോഴിക്കോട്: യുവതിയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സംഭവം. കർണാടക ചിക്കമംഗളൂർ സ്വദേശി ഐഷ സുനിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താർ എന്നയാൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്.

ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഐഷ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. സത്താർ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ ദിവസം കൊല്ലത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുടവട്ടൂർ ചെറുകരകോണത്ത് ചരുവിള വീട്ടിൽ രാജന്റെ മകൾ രാഖിരാജിനെ (22) യാണ് വിട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിനിൽക്കുന്ന മകളെ രാജൻ കണ്ടത്.

ഡിഗ്രി കഴിഞ്ഞ രാഖി പിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ആത്മഹത്യ ചെയ്യേണ്ട പ്രശ്‌നങ്ങളൊന്നും രാഖിക്ക് ഇല്ലായിരുന്നു എന്നണ് ബന്ധുക്കൾ പറയുന്നത്. മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചതോടെ കൊട്ടാരക്കര ഡിവൈഎസ്‌പിയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. അന്വേഷണം നടക്കുകയാണ്. അമ്മ പരേതയായ സുലഭ. സഹോദരൻ: അമൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News