സർക്കാർ – ഗവർണർ പോര്, വാർഡ് വിഭജനം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: വാര്‍ഡുകള്‍ പുനര്‍വിഭജനത്തിലെ പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി സര്‍ക്കാര്‍. ഇതിനെ സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. നിയമ വിദഗ്ദരുമായി ആലോചിച്ച് ഓര്‍ഡിനന്‍സില്‍ വീണ്ടും ഒപ്പിടാന്‍ ഗവര്‍ണറെ സമീപിക്കാനാണ് തീരുമാനം. ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ഗവര്‍ണര്‍ ശക്തമായ നിലപാടെടുത്തതോടെയാണ് സര്‍ക്കാര്‍ വെട്ടിലായത്.
2011 സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ പുതുക്കി വിഭജിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ചുരുങ്ങിയത് ഒരു വാര്‍ഡെങ്കിലും ഓരോ തദ്ദേശസ്ഥാപനങ്ങളിലും കൂടുന്ന രീതിയിലായിരുന്നു ഓര്‍ഡിനന്‍സ്. രണ്ടാഴ്ച മുന്‍പ് ആണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയാണ് സര്‍ക്കാരിനെ കുരുക്കിയത്.
2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ വിഭജിച്ചാല്‍ ഇനി നടക്കാന്‍ പോകുന്ന പുതിയ സെന്‍സസില്‍ കെട്ടിടങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെ മാറുമെന്നതായിരുന്നു പ്രധാന പരാതി. എന്നാല്‍ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നേരത്തേ തന്നെ വിശദീകരണം നല്‍കിയിരുന്നു. സെന്‍സസ് തീരും വരെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കില്ല എന്ന് വരെ സര്‍ക്കാര്‍ രണ്ടാമത്തെ മറുപടിയിലും വ്യക്തമാക്കി. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചാല്‍ സര്‍ക്കാരിന് നിയമസഭയില്‍ പുതിയബില്‍ അവതരിപ്പാക്കാം. പക്ഷെ ഓര്‍ഡിനന്‍സ് തിരിച്ചയക്കാത്ത സാഹചര്യത്തില്‍ തുടര്‍നടപടികളെല്ലാം അനിശ്ചിതത്വത്തിലാണ്.