ന്യൂഡല്‍ഹി: ജയിലിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും മന്ത്രിസ്ഥാനം രാജിവെച്ചു. ഇരുവരുടേയും രാജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വീകരിച്ചു.
മദ്യനയക്കേസില്‍ രണ്ടു ദിവസം മുമ്പാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിലാണുള്ളത്. കള്ളപ്പണ കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ മാസങ്ങളായി തിഹാര്‍ ജയിലിലാണ് ഉള്ളത്.
അറസ്റ്റിലായ മന്ത്രിമാരെ ഉടന്‍ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിസോദിയ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ സിസോദിയ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് രാജി.
ഇരുവരും രാജിവെച്ച സ്ഥിതിക്ക് ഡല്‍ഹി മന്ത്രിസഭ കെജ്‌രിവാള്‍ പുനഃസംഘടിപ്പിച്ചേക്കും. ധനകാര്യം അടക്കം 18 ഓളം വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്.