ഫോണില്‍ സംസാരിച്ച് ട്രാക്ക് മുറിച്ച് കടന്നു; തമിഴ്‌നാട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥിനി മരിച്ചു. കൊല്ലം സ്വദേശിനിയായ നിഖിത(19)യാണ് മരിച്ചത്. താംബരം എംസിസി കോളേജിലെ ഒന്നാം വർഷ ബി എസ് സി സെെക്കോളജി വിദ്യാർത്ഥിനിയാണ് നിഖിത. ചൊവ്വാഴ്ച ഉച്ചയോടെ ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം നടന്നത്.

ഇരുമ്പുലിയൂരിലെ സ്വകാര്യ നഴ്‌സറി സ്‌കൂളിൽ പാർട്ട് ടൈം ടീച്ചറായി നിഖിത ജോലി ചെയ്തിരുന്നു. ഇവിടേക്ക് പോകാനായി ഇറങ്ങിയ നിഖിത പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്.

ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടന്നപ്പോൾ ട്രെയിൻ വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നിഖിതയുടെ മൊബെെൽ ഫോണും ഹെഡ്‌ഫോണും അപകടസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ട്രെയിൻ മുറിച്ചു കടക്കുമ്പോഴുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന നിഗമനത്തിലേക്ക് എത്തിയത്. വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News