ലെബനനിൽ തീമഴ തുടര്‍ന്ന് ഇസ്രയേൽ, മരണം 500 കടന്നു,വീടുപേക്ഷിച്ച് ആയിരങ്ങൾ; ബയ്‌റുത്തിലും ആക്രമണം
ബയ്റുത്ത്: ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം നടത്തി. ലെബനന്‍ തലസ്ഥാനമായ ബയ്‌റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ബയ്‌റുത്തിലുണ്ടായ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും ഒരു കമാൻഡറെയും ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.
തിങ്കളാഴ്ചത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മനുഷ്യക്കുരുതിയാണുണ്ടായത്. 558 പേര്‍ കൊല്ലപ്പെട്ടത് കൂടാതെ രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അബിയദ് പറഞ്ഞു. കൊല്ലപ്പെട്ടതില്‍ 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടുന്നതായും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച തങ്ങളുടെ യുദ്ധവിമാനങ്ങള്‍വഴി 2000 സ്‌ഫോടക വസ്തുക്കളാണ് ലെബനനില്‍ വര്‍ഷിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്യുന്നതിനെ തുടര്‍ന്ന് ബയ്‌റുത്തിലേക്കുള്ള റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിര്‍ദേശിച്ചു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.