KeralaNews

സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്; സീനിയർ അഭിഭാഷകനുമായി കൂടിയാലോചന നടത്തി

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന നടത്തി. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പ് നിയമോപദേശത്തിനായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് കൈമാറി. പീഡനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സീനിയര്‍ അഭിഭാഷകന്‍ നല്‍കിയ നിയമോപദേശം എന്നാണ് സൂചന.

സുപ്രീം കോടതിയില്‍ സിദ്ദിഖ് ഫയല്‍ചെയ്യുന്ന അപ്പീലില്‍ ഉന്നയിക്കാന്‍ പരിഗണിക്കപ്പെടുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്: 2016-ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024 -ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പരാതി ഉന്നയിച്ച വ്യക്തിക്ക് സാധിച്ചിട്ടില്ല. മറ്റ് ക്രിമിനല്‍ പശ്ചാത്തലം സിദ്ദിഖിന് ഇല്ല. തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മലയാളത്തിലെ പല ചലച്ചിത്ര താരങ്ങള്‍ക്കും എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, സിദ്ദിഖിന് മാത്രമാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടത് എന്നതും ഒരു കാരണമായി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചേക്കും. ലൈംഗികാതിക്രമ കേസില്‍ മുമ്പ് കേരളത്തിലെ ഒരു പ്രമുഖ നടനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ തന്നെയാകും സിദ്ദിഖിന് വേണ്ടിയും ഹാജരാകുക എന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ചെയ്താല്‍ കാലതാമസം കൂടാതെ അത് ലിസ്റ്റ് ചെയ്യിക്കാന്‍ അഭിഭാഷകര്‍ക്ക് സാധിക്കുമെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേസുകള്‍ അടിയന്തരമായി ലിസ്റ്റ് ചെയ്യിക്കുന്നതിന് ഒരു മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഉള്‍പ്പടെ 15 വിഷയങ്ങളില്‍ അടിയന്തര വാദം കേള്‍ക്കലിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസരം നല്‍കുന്ന മാര്‍ഗരേഖയായിരുന്നു ഇത്. ഇതുപ്രകാരം ഹര്‍ജി ഫയല്‍ചെയ്താൽ അടിയന്തരമായി കേള്‍ക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കുന്ന മെന്‍ഷനിങ് പെര്‍ഫോര്‍മ മെയിലുകള്‍ രാവിലെ 10-നും 10.30-നും ഇടയില്‍ മെന്‍ഷനിങ് ഓഫീസര്‍ക്ക് അയയ്ക്കണം.

ഈ സമയത്തിനുള്ളില്‍ ലഭിക്കുന്ന മെന്‍ഷനിങ് പെര്‍ഫോര്‍മ മെയിലുകള്‍ മെന്‍ഷനിങ് ഓഫീസര്‍ രജിസ്ട്രാര്‍ ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന് കൈമാറും. ചീഫ് ജസ്റ്റിസ് ഉച്ചയൂണിന് ചേംബറില്‍ എത്തുമ്പോള്‍ രജിസ്ട്രാര്‍ ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ അവ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തും.

ചീഫ് ജസ്റ്റിസ് ആണ് തുടര്‍ന്ന് ഹര്‍ജികള്‍ എപ്പോള്‍ കേള്‍ക്കണമെന്ന് തീരുമാനിക്കുന്നത്. മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ ഹര്‍ജികള്‍ തൊട്ടടുത്ത ദിവസമോ അല്ലെങ്കില്‍ അതിന്റെ അടുത്ത ദിവസമോ ചീഫ് ജസ്റ്റിസ് ലിസ്റ്റ് ചെയ്യറാണ് പതിവെന്നും സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker