ഹെയ്തി ഭൂകമ്പത്തില്‍ മരണം 1200 കടന്നു
പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1297 പേർ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ സിവിൽ പ്രോട്ടക്ഷൻ ഏജൻസി അറിയിച്ചു. 5700ൽ അധികം പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂകമ്പത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഉപദ്വീപിലെ പ്രധാന നഗരമായ ലെസ് കെയ്സിൽ ജനങ്ങൾ തുറസായ സ്ഥലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. ആശുപത്രികൾക്കും സ്കൂളുകൾക്കും വീടുകൾക്കും കേടുപാടുകളുണ്ടായി. 13,600 കെട്ടിടങ്ങൾ പൂർണമായും തകർന്നതായാണ് വിവരം. 13,700 ഓളം കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി. ലെസ് കെയ്സിൽ നിന്ന് ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത ഭൂകമ്പത്തിനേത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്നു.
വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായി അറിയിച്ച ഹെയ്തി പ്രധാനമന്ത്രി എരിയേൽ ഹെന്റി, രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ അടിയന്തരസഹായം എത്തിക്കാൻ അധികൃതർക്ക് നിർദേശം നൽകി. ഇതേത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കും തിരച്ചിലിനുമായി അമേരിക്ക സംഘത്തെ ഹെയ്തിയിലേക്ക് അയച്ചിട്ടുണ്ട്
.
തലസ്ഥാന നഗരമായ പോർട്ട്-ഓ-പ്രിൻസിൽനിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് ഒട്ടേറെ തുടർ ചലനങ്ങളും അനുഭവപ്പെട്ടു.2010 ജനുവരിയിൽ റിക്ടർസ്കെയിലിൽ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാജ്യത്ത് രണ്ടുലക്ഷത്തിലധികംപേർ മരിച്ചിരുന്നു. മൂന്നുലക്ഷത്തിലധികം പേർക്ക് പരിക്കേറ്റു. ഒന്നരലക്ഷം പേർ ഭവനരഹിതരായ.