CrimeKeralaNews

നയനയുടെ മരണം; പോസ്റ്റുമോർട്ടത്തിലെ ക്ഷതം സർജന്റെ മൊഴിയിലില്ല

തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്ന ഗുരുതര ക്ഷതത്തെക്കുറിച്ച് െഫാറൻസിക് സർജന്റെ മൊഴിയിൽ പരാമർശമില്ല. തിരുവനന്തപുരം മെഡിക്കൽ കോേളജ് െഫാറൻസിക്‌ വിഭാഗം പ്രൊഫസറും പോലീസ് സർജനുമായ ഡോ. കെ.ശശികലയുടെ മൊഴിയാണ് പുറത്തുവന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്ന, അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തിന്റെ കാര്യമാണ് സർജന്റെ മൊഴിയിൽ ഒരിടത്തുമില്ലാത്തത്. ഇതിന്റെ ആഘാതത്തിലാകാം വൃക്കയും പാൻക്രിയാസും അമർന്ന് ആന്തരിക രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ക്ഷതമേറ്റതായി പറയുന്നത് അടിവയറ്റിൽ ഇടതുഭാഗത്തും രക്തസ്രാവമുണ്ടായതായി പറയുന്നത് വലത് വൃക്കയുടെ അടിവശത്തുമാണ്. മൃതദേഹപരിശോധനയിലെ ഇത്രയും ഗൗരവമുള്ള ഭാഗമാണ് മൊഴിയിൽ ഇല്ലാത്തത്. മൂത്രാശയം തീർത്തും ഒഴിഞ്ഞതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് ചവിട്ടേറ്റതിനാൽ സംഭവിച്ചതാകമെന്ന സൂചനയാണ് നൽകുന്നത്.

മരണകാരണം കഴുത്തു ഞെരിഞ്ഞാെണന്ന് ഉറപ്പിച്ചുപറയുന്ന മൊഴിയിൽ നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നൽകുന്നത്. ഗുരുവായിരുന്ന സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് നയന വിഷാദത്തിലായിരുന്നതായും ഷുഗർനില താഴുന്ന അസുഖമുണ്ടായിരുന്നതായും അന്വേഷണോദ്യോസ്ഥൻ അറിയിച്ചതായാണ് മൊഴിയിൽ പറയുന്നത്. ഇതനുസരിച്ച് ബയോകെമിസ്ട്രി ലാബിൽ സാമ്പിൾ അയച്ചിട്ടുണ്ട്. രക്തം, സ്രവങ്ങൾ തുടങ്ങിയവ രാസപരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

മൊഴിപ്രകാരം പരിശോധനകൾക്കായി അയച്ചവയുടെ പട്ടികയിൽ നഖം ഉണ്ടായിരുന്നില്ല. എന്നാൽ, കേസ് പുനഃപരിശോധന നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് കോടതിയിൽനിന്ന്‌ പോലീസ് സ്റ്റേഷനിൽ സുരക്ഷിതമായി സൂക്ഷിക്കാൻ കൈമാറിയവയുടെ കൂട്ടത്തിൽ നഖത്തിന്റെ സാമ്പിളും ഉണ്ടായിരുന്നുവെന്നാണ്. ഇവയെല്ലാം പോലീസിന്റെ കസ്റ്റഡിയിൽനിന്ന്‌ അപ്രത്യക്ഷമായതായാണ് അന്വേഷണോദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയത്.

‘കാരണം ഏതായാലും കഴുത്തിലേറ്റ ബലമാണ് മരണകാരണം എന്ന കാര്യത്തിൽ സംശയമില്ല’ എന്ന് ഉറപ്പിച്ചാണ് സർജന്റെ മൊഴി അവസാനിക്കുന്നത്. മരണം നടന്ന നയനയുടെ മുറിയിൽ പരിശോധന നടത്തിയപ്പോൾ ചുറ്റിക്കെട്ടിയ ഒരു പുതപ്പുണ്ടായിരുന്നു. ഒരാൾക്ക് സ്വന്തമായി കഴുത്തിൽ ബലം പ്രയോഗിക്കാൻ പരിധിയുണ്ട്. എന്നാൽ, തുണിക്കഷണം കഴുത്തിൽ കുരുക്കിട്ട് കൈകൾകൊണ്ട് വലിച്ചുമുറുക്കാനാകും. ഇങ്ങനെ ചെയ്യുന്നത് വിഷാദത്തിന്റെ ഭാഗമായ രോഗാവസ്ഥ കാരണമാകാമെന്നുമാണ് സർജന്റെ മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker