CricketNewsSports

വിമർശനങ്ങൾക്ക് മറുപടി ബാറ്റുകൊണ്ട്, ഡേവിഡ് വാർണർ ലോകകപ്പിലെ താരം, കുട്ടിക്രിക്കറ്റിലും കൊടി പാറിച്ച് ഓസീസ്

ദുബായ്:ഫോമില്ലാതെ സ്വന്തം ഐ പി എല്‍ ടീമില്‍ നിന്ന് വരെ പുറത്താക്കപ്പെട്ട വാര്‍ണര്‍ ഫോം ഈസ് ടെമ്ബററി ക്ലാസ് ഈസ് പെര്‍മനെന്റ് എന്ന് വലിയ തത്വത്തെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്.

ഇന്നലെ രാത്രി ദുബായില്‍ നടന്ന ഫൈനലില്‍ എതിരാളികളായ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച്‌ ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യത്തെ ഐസിസി പുരുഷ ടി20 ലോകകപ്പ് ട്രോഫി ഉയര്‍ത്തിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു മാച്ച്‌ വിന്നിംഗ് ഇന്നിങ്സ് നേടിയത്. താരം അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്നലെ നേടിയത്.

ഇന്നലെ വാര്‍ണര്‍ 38 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 53 റണ്‍സെടുത്തിരുന്നു. ല്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 289 റണ്‍സ് നേടാനും താരത്തിനായി. മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 48.16 ശരാശരിയില്‍ ആണ് ഇത്രയും റണ്‍സ് എടുത്തത്. അവസാന മുന്‍ രണ്ട് പതിപ്പുകളിലും (2014, 2016) ഇന്ത്യന്‍ ബാറ്റിംഗ് താരം വിരാട് കോഹ്‌ലിയായിരുന്നു ടൂര്‍ണമെന്റിലെ മികച്ച താരമായിരുന്നത്.

ഏകദിന ക്രിക്കറ്റിലെ മുടിചൂടാമന്നന്മാര്‍.മികവിന്റെ സാക്ഷ്യപത്രമായി അഞ്ച് ലോക കിരീട നേട്ടങ്ങള്‍. 1987 ല്‍ അലന്‍ ബോര്‍ഡറുടെ സംഘം തുടക്കമിട്ട കിരീട വേട്ട, 1999ല്‍ സ്റ്റീവ് വോയിലൂടേയും 2003ലും 2007ലും റിക്കി പോണ്ടിംഗിലൂടെയും ആവര്‍ത്തിച്ച്‌ ഒടുവില്‍ 2015ല്‍ സ്വന്തം മണ്ണില്‍ ഏകദിന കിരീടത്തില്‍ അഞ്ചാം തവണ മുത്തമിട്ട ഓസ്‌ട്രേലിയന്‍ മികവ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയ്യാര്‍ന്ന പ്രകടനത്തിന്റെ നേര്‍സാക്ഷ്യമാണ്.

എന്നാല്‍ കുട്ടിക്രിക്കറ്റില്‍ പറയത്തക്ക നേട്ടമൊന്നും ഇതുവരെയും ഓസ്‌ട്രേലിയയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2007ലെ ആദ്യ ട്വന്റി 20 ലോകകപ്പ് മുതല്‍ പൊരുതി മടങ്ങാനായിരുന്നു കങ്കാരുക്കളുടെ വിധി. എന്നാല്‍ ആ നാണക്കേടിന്റെ ചരിത്രം ആരോണ്‍ ഫിഞ്ചും സംഘവും മായിക്കുകയാണ്. അല്ലെങ്കില്‍ മാറ്റി എഴുതുകയാണ്.

അതും ചിരവൈരികളായ ന്യൂസിലന്‍ഡിനെ ഫൈനലില്‍ അനായാസം മറികടന്നുകൊണ്ട്. 2015 ഏകദിന ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ നേരിട്ട തോല്‍വിയുടെ തനിയാവര്‍ത്തനം പോലെ ഇത്തവണയും കിവികള്‍ പൊരുതിയെങ്കിലും ഓസിസ് താരങ്ങളുടെ അടങ്ങാത്ത കിരീടമോഹത്തിന് മുന്നില്‍ സ്വപ്‌നം വീണ്ടും പൊലിഞ്ഞു.

ഇംഗ്ലണ്ടിന് മുന്നില്‍ കാലിടറിയപ്പോള്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കില്ലെന്ന് തോന്നിയ ഘട്ടത്തില്‍ നിന്നും ഭാഗ്യത്തിന്റെ അകമ്ബടിയോടെയാണ് ഓസിസ് സെമി ബര്‍ത്ത് ഉറപ്പിച്ചത്. ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പിച്ച്‌ നേടിയ മികച്ച റണ്‍റേറ്റായിരുന്നു തുണയായത്. സെമിയിലാണ് ഓസീസിന്റെയും കിവീസിന്റെയും പോരാട്ടവീര്യവും കരുത്തും ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ത്യയെ കീഴടക്കിയതിന്റെ ഊര്‍ജ്ജവുമായി തോല്‍വിയറിയതെ നോക്കൗട്ടിലെത്തിയ പാക്കിസ്ഥാനെ വീഴ്‌ത്തിയാണ് ഓസിസ് ഫൈനലിലേക്ക് മുന്നേറിയത്.

പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയ നേടിയത് അവിശ്വസനീയ വിജയമായിരുന്നു. 96 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്മായിട്ടും സ്റ്റോയിനിസും മാത്യൂ വെയ്ഡും അസാധ്യമായത് സാധ്യമാക്കി. ആ വിജയം നല്‍കിയ ആത്മവിശ്വാസമാണ് തുടക്കത്തില്‍ കിവീസിനെതിരെ നായകന്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായിട്ടും കുതിച്ച്‌ ഉയരാന്‍ ഓസ്‌ട്രേലിയയ്ക്ക് കരുത്തായത്.

ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയിട്ടും കിവീസ് ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാനാകാത്ത വിധം ഓസിസ് ബാറ്റ്‌സ്മാന്മാര്‍ നിറഞ്ഞാടി. ആവേശകരമായ ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിനാണ് ഓസീസ് വീഴ്‌ത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 172 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് ഏഴു പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയം പിടിച്ചെടുത്തു. കന്നി ട്വന്റി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടെത്തിയ ന്യൂസീലന്‍ഡിനെ വീഴ്‌ത്തി ഓസീസിന് കന്നിക്കിരീടം!

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി ഓസീസിന്റെ ചെയ്‌സിങ് അനായാസമാക്കിയ മിച്ചല്‍ മാര്‍ഷ്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് കിരീടവിജയത്തിന്റെ നട്ടെല്ലായത്. ഓസീസിന്റെ ടോപ് സ്‌കോറര്‍ കൂടിയായ മാര്‍ഷ് 50 പന്തില്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു സിക്‌സും ആറു ഫോറും ഉള്‍പ്പെടുന്നതാണ് മാര്‍ഷിന്റെ ഇന്നിങ്‌സ്. വാര്‍ണര്‍ 38 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 53 റണ്‍സെടുത്തു.

സ്‌കോര്‍ ബോര്‍ഡില്‍ വെറും 15 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായ ഓസീസിന് രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ മാര്‍ഷ് സഖ്യം പടുത്തുയര്‍ത്തിയ സെഞ്ചുറിയുടെ വക്കോളമെത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് ബലമായത്. വെറും 59 പന്തില്‍നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 92 റണ്‍സ്!

വെറും 31 പന്തില്‍നിന്ന് 50 കടന്ന മിച്ചല്‍ മാര്‍ഷ്, ട്വന്റി20 ലോകകപ്പ് ഫൈനലുകളിലെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. ഇതേ മത്സരത്തില്‍ 32 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ റെക്കോര്‍ഡാണ് മാര്‍ഷ് ‘അടിച്ചെടുത്തത്’. ഈ മത്സരത്തില്‍ 34 പന്തില്‍ 50 കടന്ന വാര്‍ണര്‍ പട്ടികയില്‍ അഞ്ചാമതുണ്ട്. മിച്ചല്‍ മാര്‍ഷാണ് കളിയിലെ താരം.

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഏഴു പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. ഗ്ലെന്‍ മാക്‌സ്വെല്‍ 18 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സുമായി പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ മാര്‍ഷ് മാക്‌സ്വെല്‍ സഖ്യം വെറും 39 പന്തില്‍നിന്ന് അടിച്ചുകൂട്ടിയത് 66 റണ്‍സ്.

ടൂര്‍ണമെന്റിലുടനീളം കിവീസിന്റെ കുതിപ്പിന് ഇന്ധനമായ സ്പിന്നര്‍ ഇഷ് സോധി, പേസ് ബോളര്‍ ടിം സൗത്തി തുടങ്ങിയവര്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയതാണ് അവര്‍ക്ക് വിനയായത്. സോധി മൂന്ന് ഓവറില്‍ വഴങ്ങിയത് 40 റണ്‍സ്. ടിം സൗത്തി 3.5 ഓവറില്‍ 43 റണ്‍സും വഴങ്ങി. രണ്ടു പേര്‍ക്കും വിക്കറ്റൊന്നും ലഭിച്ചില്ല. അതേസമയം, നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടിന്റെ പ്രകടനം ശ്രദ്ധേയമായി.

ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ടൂര്‍ണമെന്റിലെ മുന്‍ മത്സരഫലങ്ങള്‍ പരിഗണിച്ച്‌ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണ ടൂര്‍ണമെന്റില്‍ രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്കായിരുന്നു മിക്കപ്പോഴും മേല്‍ക്കൈ. ഓസീസ് സെമിയിലെ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ കിവീസ് നിരയില്‍ ഒരു മാറ്റം വരുത്തി. പരിക്കേറ്റ ഡെവോണ്‍ കേണ്‍വെയ്ക്ക് പകരം വിക്കറ്റ് കീപ്പറായി ടിം സീഫെര്‍ട്ട് പ്ലേയിങ് ഇലവനിലെത്തി.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ സംഹാരതാണ്ഡവത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 172 റണ്‍സെടുത്തു. 48 പന്തില്‍ 85 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍. ഓസീസിനായി ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അതേസമയം മിച്ചല്‍ സ്റ്റാര്‍ക്ക് അടിവാങ്ങിക്കൂട്ടി.

ട്വന്റി 20 ലോകകപ്പിന് ഏതാനും നാളുകള്‍ക്ക് മുമ്ബ് ബംഗ്ലാദേശിന് മുന്നില്‍ മുക്കുകുത്തി വീണ ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ് തന്നെയാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ ഹൈലറ്റ്. ഈ ലോകകപ്പിന്റെ ഫേവറിറ്റുകളല്ലാതെ വന്ന് ഒടുവില്‍ കിരീടവുമായി മടങ്ങുകയാണ് ഓസ്‌ട്രേലിയ. 1999 ഏകദിന ലോകകപ്പിലെതിന് സമാനമായി ഇവിടെയും ഭാഗ്യം ഓസിസിന് തുണായായി നിന്നു. ഫൈനലിലെ ടോസിന്റെ രൂപത്തില്‍ അടക്കം.

ഏകദിനത്തില്‍ അഞ്ച് ലോകകിരീടം നേടിയിട്ടുള്ള ഓസ്‌ട്രേലിയക്ക് ട്വന്റി 20യില്‍ അത് സാധ്യമാവാത്തത് ഇതുവരെ അദ്ഭുതമായിരുന്നു. പഴയ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായി മാറിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് തിരിച്ചുവരവിനുള്ള ഊര്‍ജമാണ് ഈ ലോകകപ്പ് നേട്ടം നല്‍കുന്നത്. അടുത്ത വര്‍ഷം സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ഇനി ചാമ്ബ്യന്മാരുടെ മേലങ്കി അണിഞ്ഞ് തന്നെ ഓസിസിന് ഇറങ്ങാം.

അതേ സമയം കിവീസിന്റെ നിര്‍ഭാഗ്യം തന്നെയാണ് ഈ ലോകകപ്പിലും അടയാളപ്പെടുത്തുക. 2015 ലും 2019 ലും ഏകദിന ലോകകപ്പ് കിരീടങ്ങള്‍ കയ്യെത്തും ദൂരത്ത് നഷ്ടമായ കിവീസിന് ട്വന്റി 20 ലോകകപ്പ് കിരീടവും നഷ്ടമായിരിക്കുന്നു

ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഒറ്റ വര്‍ഷത്തില്‍ രണ്ട് ലോകകിരീടങ്ങള്‍ എന്ന അപൂര്‍വ നേട്ടമായിരുന്നു കെയ്ന്‍ വില്യംസണിനെയും സംഘത്തെയും മോഹിപ്പിച്ചതെങ്കില്‍ 2015 ഏകദിന ലോകകപ്പിന്റെ ഫൈനലിന് സമാനമായി ഓസ്‌ട്രേലിയ വീണ്ടും വിലങ്ങുതടിയായി മാറി. എങ്കിലും തല ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് കെയ്ന്‍ വില്യംസണും സംഘവും മടങ്ങുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഐസിസി കിരീട പോരാട്ടങ്ങളില്‍ തുടര്‍ച്ചയായി മുന്നേറാനാകുക എന്നത് ചാമ്ബ്യന്‍ ടീമിന് മാത്രം സാധിക്കുന്ന കാര്യമാണ് എന്നതുതന്നെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker