ഒലിച്ചിറങ്ങുന്നത് മിനിട്ടില്‍ 97 ലിറ്റര്‍ വെള്ളം,35 ടണ്‍ സുര്‍ക്കി മിശ്രിതവും ഓരോ വര്‍ഷവും ഒലിച്ചിറങ്ങുന്നു,മുല്ലപ്പെരിയാര്‍ ബലക്ഷയം വീണ്ടും ചര്‍ച്ചയാവുമ്പോള്‍
തിരുവനന്തപുരം:വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജനനിരപ്പ് ദിനംപ്രതി ഉയരുകയാണ്.ഇതിനൊപ്പമാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള നീക്കം കൂടി തമിഴ്‌നാട് നടത്തുന്നത്്.ബേബി ഡാമിനോട് ചേര്‍ന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി കേരളം തമിഴ്‌നാടിന് അനുമതി നല്കിയത് വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു.ഇത്തരത്തില്‍ അണക്കെട്ടിലെ ബലക്ഷയം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴും അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സുപ്രീംകോടതിയില്‍ തമിഴ്നാടിനും ഇക്കാര്യം സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ചോര്‍ച്ചയുടെ തോത് പ്രധാനമാണെന്ന് കോടതിയും പറഞ്ഞു. ഇത് കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. അണക്കെട്ടിലെ ചോര്‍ച്ചയുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നു സുപ്രീം കോടതി ശനിയാഴ്ച തമിഴ്നാടിനോടു നിര്‍ദേശിച്ചെങ്കിലും പല വഴികളിലൂടെ വെള്ളം ചോരുന്നതിനാല്‍ ആധികാരികമായ കണക്ക് ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
അണക്കെട്ടിലെ ചോര്‍ച്ചയുടെ അളവിനെക്കുറിച്ചുള്ള കൃത്യമായ കണക്കു തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കേരളവും തമിഴ്നാടും. അണക്കെട്ടില്‍ നിന്നു ഗാലറിയിലേക്കു വരുന്ന വെള്ളത്തിന്റെ (സീപ്പേജ് വാട്ടര്‍) അളവ് പരിശോധിച്ചു രേഖപ്പെടുത്തുന്നതു തമിഴ്നാടാണ്. ഡാമിന്റെ പൂര്‍ണ നിയന്ത്രണം തമിഴ്നാടിനായതിനാല്‍, ഇവര്‍ നല്‍കുന്ന കണക്ക് രജിസ്റ്ററില്‍ ചേര്‍ക്കുന്ന ജോലി മാത്രമാണു കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക്. അതുകൊണ്ട് തന്നെ ചോര്‍ച്ചയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ തമിഴ്നാടിന്റെ പക്കലാണുള്ളത്.
സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയും ഉപസമിതിയും അണക്കെട്ടില്‍ പരിശോധന നടത്തുമ്പോള്‍ കേരളത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തമിഴ്നാട് സീപ്പേജ് വാട്ടറിന്റെ കണക്കെടുക്കുക. അണക്കെട്ടിന്റെ ഉള്‍വശത്തുള്ള ഗാലറിയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളമാണു സീപ്പേജ് വാട്ടര്‍. ഡാമിലെ നിരപ്പ് ഉയരുമ്പോള്‍ സീപ്പേജ് കൂടുകയാണ് ചെയ്യുന്നത്. ഈ തോത് എത്രയെന്നത് വരും ദിവസങ്ങളില്‍ കോടതി നടപടികളിലും നിര്‍ണായകമായി മാറും.
ഡാമിന്റെ അടിത്തട്ടില്‍ നിന്നു 10 അടി ഉയരത്തിലും 45 അടി ഉയരത്തിലുമാണ് ഗാലറികളുള്ളത്. ഒരാഴ്ച മുന്‍പ് തമിഴ്നാട് കേരളത്തിനു നല്‍കിയ കണക്കനുസരിച്ച് 10 അടി ഉയരത്തിലുള്ള ഗാലറിയില്‍ മിനിറ്റില്‍ 97.695 ലീറ്റര്‍ വെള്ളം എത്തുന്നു. 45 അടി ഉയരത്തിലുള്ള രണ്ടാമത്തെ ഗാലറിയില്‍ 31.752 ലീറ്റര്‍ വെള്ളമാണ് ചോര്‍ന്നെത്തുന്നത്. 5 വര്‍ഷം മുന്‍പുള്ള കണക്കില്‍ മിനിറ്റില്‍ 89 ലീറ്റര്‍ ആയിരുന്നു ചോര്‍ച്ച. ഈ കണക്കു തെറ്റാണെന്നും ഇരട്ടിയിലേറെ വെള്ളം ഗാലറിയില്‍ എത്തുന്നുണ്ടെന്നും കേരളം പറയുന്നു.
അതേസമയം 126 വര്‍ഷം മുന്‍പു നിര്‍മ്മിച്ച അണക്കെട്ടില്‍ സീപ്പേജിലൂടെ മാത്രം വര്‍ഷം 35 ടണ്‍ സുര്‍ക്കി മിശ്രിതം ഒലിച്ചു പോയിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം ലൈം ഒഴുകിപ്പോകുമ്പോള്‍ അണക്കെട്ടില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയ ശേഷം ഉന്നത മര്‍ദത്തില്‍ സിമന്റ് ചാന്ത് അടിച്ചുകയറ്റിയാണ് ചോര്‍ച്ച തടയുന്നത്. ഇത് തുടര്‍ന്നു വരുന്നതായായാണ് തമിഴ്നാടും വ്യക്തമാക്കുന്നത്.
ഇപ്പോഴത്തെ കോടതി നടപടികളുടെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്തി ചോര്‍ച്ച അടക്കമുള്ള പുതിയ വസ്തുതകള്‍ പരിഗണിക്കേണ്ടി വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കിതോടെ ജലനിരപ്പ് താഴ്ത്താന്‍ കോടതി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. 42 അടിയെന്ന 2014ലെ വിധി മറികടക്കാന്‍ കേരളം ആവര്‍ത്തിച്ച് ഹര്‍ജി നല്‍കി പ്രശ്നമുണ്ടാക്കുകയാണെന്ന തമിഴ്നാടിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
കേസ് ഈ മാസം 22ലേക്കു മാറ്റി. ജലനിരപ്പ് 139.5 അടിയായിരിക്കണമെന്ന ഒക്ടോബര്‍ 28ലെ ഉത്തരവ് അതുവരെ പാലിക്കണം.സുര്‍ക്കി കൊണ്ട് നിര്‍മ്മിച്ച 126 വര്‍ഷം പഴക്കമുള്ള ഡാം സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ നിലപാട്. പുതിയ ഡാമാണ് പരിഹാരം. ബേബി ഡാം ബലപ്പെടുത്തിയാല്‍ മതിയെന്നാണ് തമിഴ്നാട് പറയുന്നത്. ഇതു വ്യക്തമാക്കി അവര്‍ ഇന്നലെ സത്യവാങ്മൂലം നല്‍കി. കേരളത്തിന്റെ മറുപടി അറിയാനാണ് കേസ് മാറ്റിയത്.ബേബി ഡാം ബലപ്പെടുത്താനായി മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് കൊടുത്ത അനുമതി റദ്ദാക്കിയെങ്കിലും തിരിച്ചടി ആകുമോ എന്ന ആശങ്കയിലായിരുന്നു കേരളം. ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി.രവികുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് കേസ്.
അതേസമയം മുല്ലപ്പെരിയാറിലെ(mullaperiyar) വിവാദ മരംമുറിയിൽ ഫയലുകൾ ഒന്നും വനംമന്ത്രിക്ക് (forest minister)കൈമാറിയിട്ടില്ലെന്ന് വനം സെക്രട്ടറി (secretary)രാജേഷ് സിൻഹ. മരംമുറി ചർച്ചയായ തമിഴ്നാട് കേരള സെക്രട്ടറി തല യോഗങ്ങളിൽ അനുമതിക്ക് തീരുമാനമെടുത്തിരുന്നില്ലെന്നും വനംമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. മരംമുറിക്ക് അനുമതി നൽകിയ ബെന്നിച്ചൻ തോമസിനെ തള്ളിയാണ് വിശദീകരണം. അതേ സമയം വനം സെക്രട്ടറി കൂടി പങ്കെടുത്ത യോഗമാണ് മരം മുറി തീരുമാനിച്ചതെന്നായിരുന്നു ബെന്നിച്ചൻറെ നിലപാട്.
മരംമുറി ഫയലുകൾ മന്ത്രിമാർ കണ്ടിരുന്നോ എന്ന സംശയം നിലനിൽക്കെയാണ് വനമന്ത്രിയെ രക്ഷിച്ചുള്ള പ്രിൻസിപ്പിൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയുടെ വിശദീകരണം. മന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ മരംമുറിയുമായി ബന്ധപ്പെട്ട് 2017 മുതൽ നടന്ന കാര്യങ്ങൾ പറയുന്നു. പക്ഷെ അവസാന ഭാഗത്ത് ഫയലുകൾ ഒന്നും മന്ത്രിക്ക് നൽകിയിരുന്നില്ലെന്ന് വ്യക്തമാക്കുന്നു. മരംമുറിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻറെ അനുമതി നേടാൻ മന്ത്രിയുടെ അനുമതി വേണം. കേന്ദ്രാനുമതി വേണമെന്ന ആവശ്യം ഇതുവരെ ഉന്നയിക്കാത്തതിനാൽ ഫയൽ വനംമന്ത്രിക്ക് പോയിട്ടില്ലെന്നാണ് വിശദീകരണം. ഒന്നും അറിഞ്ഞില്ലെന്നവ വനംമന്ത്രിയുടെ വാദത്തെ പിന്തുണക്കുന്ന വകുപ്പ് സെക്രട്ടറി താനും അന്തിമ അനുമതി നൽകിയിട്ടില്ലെന്നും പറയുന്നു.
എന്നാൽ സെപ്റ്റംബർ 17ന് കേരള- തമിഴ്നാട് സെക്രട്ടറിതല യോഗത്തിൽ മരം മുറി ചർച്ചയായിരുന്നു എന്ന് വനംസെക്രട്ടറി സമ്മതിച്ചു. തീരുമാനം എടുത്തില്ലെന്ന പറയുമ്പോഴും യോഗത്തിൻറെ മിനുട്ട്സ് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് രാജേഷ് കുമാർ സിൻഹയുടെ വിശദീകരണം. യോഗത്തിലെ ചർച്ചയുടെ വിശദാംശങ്ങൾ രേഖാമൂലം ലഭിച്ചത് ഈ മാസം 11നാണ്. അതായത് മരംമുറി ഉത്തരവ് ബെന്നിച്ചൻ തോമസ് ഇറക്കിയ അഞ്ചിന് ശേഷം. യോഗം ചേർന്ന 17ന് ശേഷം ബെന്നിച്ചനോട് ഉത്തരവിറക്കാൻ ആര് നിർദ്ദേശിച്ചു എന്നതാണ് ഇനി അറിയേണ്ടത്. മാത്രമല്ല നവംബർ ഒന്നിന് ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറിയും വനംസെക്രട്ടറിയും പങ്കെടുത്ത യോഗമാണ് അന്തിമതീരുമാനമെടുത്തതെന്നാണ് ബെന്നിച്ചൻ വനംവകുപ്പിന് നൽകിയ മറുപടി. ഈ യോഗത്തെ കുറിച്ച് വനം സെക്രട്ടരി മന്ത്രിക്കുള്ള വിശദീകരണത്തിൽ ഒന്നും പറയുന്നില്ല. ഫയലൊന്നും വനംന്ത്രി കണ്ടിട്ടില്ലെന്ന് സെക്രട്ടറി പറയുമ്പോൾ ഒന്നാം തിയതിയിലെ യോഗത്തിന്റെ മിനുട്സ് കണ്ടെന്നാണ് എകെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞത്. ഇത് ഇതു വരെ മന്ത്രി തിരുത്തിയിട്ടുമില്ല. അതായത് വനം സെക്രട്ടറി വിശദീകരണം നൽകുമ്പോഴും മരംമുറിയിലെ ദുരൂഹത തീരുന്നില്ല.