റോഷനുമായി പ്രണയത്തിലാണോ? മനസ് തുറന്ന് ദര്‍ശന രാജേന്ദ്രന്‍
സീ യൂ സൂണ്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടി ദര്‍ശന രാജേന്ദ്രനും നടന്‍ റോഷനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമെല്ലാം. അനുവും ജിമ്മിയും മികച്ചതായെന്ന് ആളുകള്‍ പറയുന്നതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നാണ് റോഷനും ദര്‍ശനയും പറയുന്നത്.
2011 മുതല്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ്. ചെന്നൈയിലെ നാടക ഗ്രൂപ്പില്‍ വെച്ചാണ് ദര്‍ശനയും റോഷനും ആദ്യമായി പരിചയപ്പെടുന്നത്. മലയാളത്തിലെ പ്രധാന നടിയായി താന്‍ മാറുമെന്ന് ഒന്‍പത് വര്‍ഷം മുന്‍പ് റോഷന്‍ പറഞ്ഞിരുന്നെന്നാണ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന പറയുന്നത്.
നായിക ആയിട്ട് തന്നെ അഭിനയിക്കണമെന്ന് തനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ലെന്നും ഫുള്‍ ടൈം തന്നെ സ്‌ക്രീനില്‍ കാണണമെന്ന ഒരു നിര്‍ബന്ധവും ഇല്ലെന്നും താരം പറയുന്നു. ഏത് കഥാപാത്രം ചെയ്താലും നൂറ് ശതമാനം ഡെഡിക്കേറ്റ് ചെയ്യുക എന്നാണ് പ്രധാനമെന്നും ദര്‍ശന പറയുന്നു. സീ യൂ സൂണില്‍ റോഷനാണ് പെയര്‍ എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. റോഷന്‍ അപ്പുറത്ത് ഉള്ളതുകൊണ്ടാണ് അത്രയും ഈസിയായി തനിക്ക് അഭിനയിക്കാന്‍ സാധിച്ചതെന്നും ദര്‍ശന പറയുന്നു.
ഞങ്ങള്‍ പ്രണയത്തിലാണോ എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് റോഷന്‍ എന്നുമാണ് ദര്‍ശന പറയുന്നത്. ഒരുപക്ഷേ ലൈഫില്‍ ഒരു പാര്‍ട്നര്‍ വന്നാല്‍ പോലും ലൈഫ് ലോങ് ഈ സൗഹൃദം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമെന്നാണ് ആ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയത്.
റോഷന്റെ ലൈഫിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം. റോഷന്റെ ബാല്‍ക്കണിയിലെ ചെടി എത്ര വളര്‍ന്നിട്ടുണ്ടെന്ന് പോലും അറിയാമെന്നും ദര്‍ശന അഭിമുഖത്തില്‍ പറയുന്നു. ഒരു ബോണ്‍ ആര്‍ടിസ്റ്റാണ് ദര്‍ശനയെന്നാണ് അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞത്. ദര്‍ശനയുടെ ആദ്യത്തെ പെര്‍ഫോമന്‍സ് സ്റ്റേജില്‍ കണ്ടപ്പോള്‍ ഇക്കാര്യം താന്‍ മനസില്‍ ഉറപ്പിച്ചിരുന്നെന്നും റോഷന്‍ പറയുന്നു.