ഗൂഗിള്‍ ക്രോമിന്റെ എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സി
ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമിന്റെ എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ ഏജന്‍സി. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് കണ്ടെത്തിയ 106 എക്സ്റ്റന്‍ഷനുകള്‍ ഗൂഗിള്‍ ക്രോം നീക്കിയ പശ്ചാത്തലത്തിലാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് ദ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (സെര്‍ട്ട്-ഇന്‍) അറിയിച്ചു. ഐ.ഒ.സി. ചാര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിലാസമുള്ള ഗൂഗിള്‍ ക്രോം എക്‌സ്റ്റന്‍ഷനുകള്‍ ഉപയോക്താക്കള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സുരക്ഷാ ഏജന്‍സി നിര്‍ദേശിച്ചു.
ഗൂഗിള്‍ ക്രോമിന്റെ വെബ് സ്റ്റോറിലുള്ള സുരക്ഷാ പരിശോധനയെ മറികടക്കാന്‍ ശേഷിയുള്ള കോഡുകള്‍ ഇത്തരം ലിങ്കുകളിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടുകളെടുക്കാനും ക്ലിപ് ബോര്‍ഡ് വായിക്കാനും കീബോഡില്‍ ടൈപ്പ് ചെയ്യുന്ന കീകള്‍ നിരീക്ഷിച്ച് പാസ്വേഡുകള്‍ കണ്ടെത്താനും മറ്റ് രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഇവയ്ക്കാവും.