NationalNews

‘നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കണം’: കാനഡയോട് ആവശ്യപ്പെട്ടതായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ കാനഡയോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി. രാജ്യത്ത് കാനഡയുടെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം ഏറെ കൂടുതലാണെന്നും അവർ രാജ്യത്തെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായും അദ്ദേഹം പറഞ്ഞു. അതിനാൽ പ്രതിനിധികളുടെ എണ്ണത്തിൽ ഇന്ത്യ തുല്യത ആവശ്യപ്പെട്ടതായി അരിന്ദം ബാഗ്‌ചി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“ഇന്ത്യയിലെ കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണവും ഇവിടുത്തെ ആഭ്യന്തര കാര്യങ്ങളിലുള്ള അവരുടെ ഇടപെടലും കണക്കിലെടുത്ത് കാനഡ അവരെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്.”- അരിന്ദം ബാഗ്‌ചി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നേരത്തെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. കാനഡയ്ക്ക് ഇന്ത്യയിൽ 62 നയതന്ത്രജ്ഞരുണ്ടെന്നും അതിൽ 41 പേരെ ഒക്ടോബർ 10 ന് മുമ്പ് തിരിച്ചയയ്ക്കാൻ പദ്ധതിയുള്ളതായും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാനില്ലെന്ന നിലപാടിലാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നയതന്ത്ര പ്രതിനിധികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടാകേണ്ടത് കാനഡയുടെ ആവശ്യമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കാനഡ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അന്വേഷണത്തിനായി കാനഡ പ്രത്യേക സംഘത്തെ രൂപികരിച്ചിരിക്കുകയാണ്.

സംഘത്തിന് ആവശ്യമെങ്കിൽ ഇന്ത്യയിൽ എത്തി അന്വേഷണം നടത്താൻ അനുമതി നൽകണം എന്നും കാനഡ ആവശ്യപ്പെട്ടു. അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ല എന്ന നിലപാടിലാണ് ഇന്ത്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker