30 C
Kottayam
Saturday, May 11, 2024

ഐഫോണ്‍ വിവാദം സി.പി.എം ഏറ്റെടുക്കില്ല; യു.ഡി.എഫിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാന്‍ തീരുമാനം

Must read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഐഫോണ്‍ വിവാദം ഏറ്റെടുക്കേണ്ടെന്ന് സി.പി.എം തീരുമാനം. നേതാക്കള്‍ക്കെതിരേ വ്യക്തിപരമായ ആരോപണം ഉന്നയിക്കേണ്ടെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ യു.ഡി.എഫിന്റെ ഇരട്ടത്താപ്പ് നവമാധ്യമങ്ങളില്‍ തുറന്നുകാട്ടാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ആരോപണം പുറത്തുവന്നപ്പോള്‍ മുതല്‍ ഇടത് സൈബര്‍ ഇടങ്ങളില്‍ നിന്നും ചെന്നിത്തലയ്ക്കും യുഡിഎഫിനുമെതിരേ പ്രചാരണം തുടങ്ങി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്‍കിയ കാര്യം പറയുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷന്‍ ആയി നല്‍കിയെന്ന് സന്തോഷ് ഈപ്പന് ഹര്‍ജിയില്‍ പറയുന്നു. 3.80 കോടി രൂപ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍ 68 ലക്ഷവും നല്‍കി. ചെന്നിത്തല അടക്കമുള്ളവര്‍ക്ക് നല്‍കാന്‍ അഞ്ച് ഐ ഫോണ്‍ നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഫോണ്‍ പ്രതിപക്ഷ നേതാവിന് കൈമാറിയത്. പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. നവംബര്‍ 29-നാണ് കൊച്ചിയിലെ ഷോപ്പിംഗ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയത്. സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ഫോണ്‍ നല്‍കിയതെന്നും ഇതിന്റെ ബില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി.

അതേസമയം സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് നിഷേധിച്ചു. ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week