പാലാ നഗരസഭ ഭരണം: സിപിഎം – കേരള കോണ്‍ഗ്രസ് (എം) തര്‍ക്കം രൂക്ഷം
കോട്ടയം∙ പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎം – കേരള കോണ്‍ഗ്രസ് (എം) തര്‍ക്കം രൂക്ഷമാകുന്നു. സിപിഎം നിശ്ചയിച്ച ബിനു പുളിക്കകണ്ടത്തെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി തന്നെ രംഗത്തെത്തി. ബിനു ഒഴികെ മറ്റൊരെയും അംഗീകരിക്കാമെന്ന നിലപാടാണ് കേരള കോണ്‍ഗ്രസി (എം) നുള്ളത്. വിഷയം ചര്‍ച്ചചെയ്യാൻ ഇന്ന് അടിയന്തര പാർലമെന്ററി പാർട്ടി യോഗം ചേരും.
മുൻധാരണയനുസരിച്ച് ആദ്യ രണ്ടുവർഷം കേരള കോൺഗ്രസി (എം) നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വർഷം സിപിഎമ്മിനും അടുത്ത രണ്ടു വർഷം കേരള കോൺഗ്രസ് (എം) നും. ഡിസംബർ 28ന് ആദ്യ രണ്ടുവർഷ കാലാവധി അവസാനിച്ചു. അന്നു തന്നെ കേരള കോണ്‍ഗ്രസിന്റെ (എം) അധ്യക്ഷൻ രാജിവയ്ക്കുകയും ചെയ്തു.
അതിനു ശേഷം സിപിഎമ്മിൽ നിന്ന് ആര് അധ്യക്ഷനാകുമെന്നതിനെ ചൊല്ലിയാണ് അഭിപ്രായവ്യത്യാസം. സിപിഎമ്മിന്റെ ചിഹ്നത്തിൽ ജയിച്ച ഏക കൗൺസിലർ എന്ന നിലയിൽ ആദ്യഘട്ടം മുതൽ ബിനു പുളിക്കകണ്ടത്തിന്റെ പേരാണ് പരിഗണയിലുള്ളത്. എന്നാൽ, കേരള കോൺഗ്രസ് (എം) അംഗത്തെ മർദിച്ചുവെന്ന ആരോപണം ബിനു പുളിക്കകണ്ടത്തിനെതിരെയുണ്ട്. അതിനാൽ ബിനു പുളിക്കകണ്ടത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് (എം).